കുഞ്ഞിനോടുള്ള സ്നേഹമല്ല, അമ്മയോടുള്ള പക; അഭിരാമി , പിന്തുണച്ച് സോഷ്യൽ മീഡിയയും

നടൻ ബാലക്കെതിരെ മകൾ രംഗത്ത് വന്നതിന് പിന്നാലെ ബാലയുടെയും അമൃതയുടെയും വിവാഹ ജീവിതവും ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുകയാണ് . അച്ഛൻ ബാല തന്നെക്കുറിച്ചും അമ്മ അമൃതയെക്കുറിച്ചും പറഞ്ഞതൊക്കെ തെറ്റാണെന്നും കള്ളമാണെന്നും പറഞ്ഞ് മകൾ പാപ്പു രംഗത്ത് വന്നതോടെ വിഷയം കൂടുതല്‍ വിവാദമായിരിക്കുകയാണ്.

മകളുടെ തുറന്ന് പറച്ചില്‍ തന്നെ വേദനിപ്പിച്ചെന്നും ഇനി പാപ്പുവിനെ ശല്യപ്പെടുത്താന്‍ താനില്ലെന്നുമൊക്കെ ബാലയും തുറന്നടിച്ചു. ബാലയുടെ പ്രതികരണം വന്നതിന് പിന്നാലെ മകള്‍ പറഞ്ഞ കാര്യങ്ങള്‍ക്കുള്ള വിശദാംശങ്ങളുമായി അമൃതയും രംഗത്ത് വന്നു. ഇതോടെ സോഷ്യല്‍ മീഡിയയിലെ എല്ലാ ചര്‍ച്ചകളും അമൃതയെയും ബാലയെയും ചുറ്റിപറ്റിയാണ്.

സത്യത്തില്‍ അമൃതയും കുടുംബവും ഈ വിഷയത്തില്‍ നീതി അര്‍ഹിക്കുന്നുണ്ടെന്നാണ് പൊതു അഭിപ്രായം. ഒരു ബന്ധത്തില്‍ നിന്നും പിന്മാറിയാല്‍ ആണായാലും പെണ്ണായാലും അവര്‍ അര്‍ഹിക്കുന്ന ഒരു വേര്‍പിരിയലും ശേഷ ജീവിതവും കിട്ടുക എന്നത് അവരുടെ അവകാശം കൂടിയാണെന്നും ചിലർ പറയുന്നു. അത്തരത്തില്‍ ഒരു ആരാധിക പങ്കുവെച്ച കുറിപ്പ് ഷെയര്‍ ചെയ്തിരിക്കുകയാണ് അമൃതയുടെ സഹോദരി അഭിരാമി സുരേഷ്. പലപ്പോഴും ബാലക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുള്ള ആളുകൂടിയാണ് അഭിരാമി .

ആ കുറിപ്പിന്റെ പൂര്‍ണരൂപമിങ്ങനെയാണ്, ‘ഇത് എന്ത് നരകം പിടിച്ച ഒരു ട്രോമാറ്റിക് എക്‌സ്പീരിയന്‍സ് ആണെന്ന് നിങ്ങള്‍ക്ക് മനസിലാവുന്നുണ്ടോ? ഒരു മനുഷ്യജീവി അവരവരുടെ ആഗ്രഹങ്ങള്‍ ഇഷ്ടങ്ങളിൽ കൂടി സഞ്ചരിച്ചു. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ചതിക്കപ്പെട്ടോ ദുരന്തങ്ങള്‍ അഭിമുഖീകരിച്ച് തളരുമ്പോഴോ തിരിഞ്ഞ് നടക്കാന്‍ തുടങ്ങുമ്പോ അവര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു അറ്റമില്ല എന്നത് ഭീകരമായ അവസ്ഥയാണ്. ഒരിക്കല്‍ ഒരുമിച്ച് ജീവിച്ചിരുന്നു എന്നതു കൊണ്ട് ഫിക്‌സിഡ് ഡെപ്പോസിറ്റിന് പലിശ കിട്ടും പോലെ അതിന്റെ അവശേഷിപ്പുകള്‍ ചുമക്കേണ്ടി വരുന്നത് നീതികേടാണ്.

ഇഷ്ടമല്ലാത്ത ഇടങ്ങളില്‍ നിന്ന് ഇറങ്ങി പോരുമ്പോള്‍ അത് ആണായാലും പെണ്ണായാലും അവര്‍ അര്‍ഹിക്കുന്ന ഒരു വേര്‍പിരിയലും ശേഷ ജീവിതവും അവരുടെ അവകാശം കൂടിയാണ്. ഒരു ചെറിയ പെണ്‍കുട്ടി ക്യാമറയ്ക്ക് മുന്നില്‍ വന്നു നിന്ന് അവളുടെ മാതാപിതാക്കളിലൂടെ സമൂഹത്തില്‍ നിന്നു കിട്ടുന്ന ഇംപാക്ടുകളെ വൈകാരികതയോടെ പറയണമെങ്കില്‍ അതിന് ചെറിയ പാകപ്പെടലുകള്‍ ഒന്നും പോര. ചെയ്തതിനൊന്നും ലവലേശം ഉളുപ്പില്ലാതെ, സകലവൃത്തികേടും നീതികേടും ന്യായീകരിച്ച് മെഴുകി താനെന്തോ സാധിച്ചു എന്ന പൊള്ളയായ ആത്മാഭിമാനത്തിന് നേരേ വെറുതെ ഒന്നു നോക്കി ആട്ടി തിരിഞ്ഞ് നടക്കണ്ട ആവശ്യമേ ഉള്ളൂ.

അതിനും അപ്പുറത്തേക്ക് സകലമനുഷ്യരേയും ബോധിപ്പിക്കേണ്ടി വരുന്നതിന് ഇവര്‍ക്ക് കോടാനുകോടി മനുഷ്യര്‍ക്കു മുന്നില്‍ കണ്ണീരൊഴുക്കേണ്ടി വരുന്നത് ഞാനടങ്ങുന്ന സമൂഹത്തിന്റെ ഗുരുതരമായ വിചാരണയുടെ ഫലമായാണ്. അവര്‍ നീതി അര്‍ഹിക്കുന്നുണ്ട് എന്നായിരുന്നു കുറിപ്പ്” . ഇതാണ് അഭിരാമി സുരേഷ് പങ്കുവെച്ചിരിക്കുന്നത്.

അതേസമയം തന്നെ സഹോദരി അമൃത സുരേഷിന്റെ വീഡിയോയ്ക്ക് താഴെ ഉപദേശവുമായി എത്തിയവര്‍ക്ക് അഭിരാമി സുരഷ് മറുപടി നല്‍കുന്നുണ്ട്. ‘നിങ്ങളുടെ കുടുംബകാര്യങ്ങള്‍ നിങ്ങള്‍ക്കിടയില്‍ തന്നെ വെക്കൂ, എന്തിനാണ് അത് തുറന്ന് കാണിക്കുന്നത്? ഈ കാണുന്ന നാട്ടുകാര്‍ ആണോ നിങ്ങളുടെ കുടുംബ പ്രശ്‌നത്തിന് കാരണം കുടുംബ കാര്യം വന്ന് ഇതില്‍ പറയാന്‍ നിന്നാല്‍ പിന്ന അതിനല്ലേ നേരം കാണുള്ളൂ. പിന്നെ ഇതൊക്കെ കാണുന്നവര്‍ എന്തൊക്കെയാ പറയുന്നത് ആ മോളുടെ വീഡിയോയുടെ താഴെ വന്ന നെഗറ്റീവ് കമന്റ്സ് നിങ്ങള് കാണുന്നില്ലേ എന്തിനാണ് ആ കുഞ്ഞിനെ ഇതിന്റെ ഇടയില്‍ ഇട്ടു നാട്ടുകാര്‍ക് ചവുട്ടി തേക്കാന്‍ ഉള്ള വസ്തു ആകുന്നു’ എന്നായിരുന്നു ഒരാളുടെ കമന്റ്.

പിന്നാലെ അഭിരാമി മറുപടിയുമായി എത്തുകയായിരുന്നു. ഒരിക്കലെങ്കിലും അവരുടെ വശം ആളുകള്‍ അറിയണ്ടേ? നിന്റെ ചേച്ചിക്കാണ് ഈ ഗതി വന്നതെങ്കില്‍ നീ മിണ്ടാതിരിക്കാന്‍ പറയുമോ? അവര്‍ അത്രയും സഹികെട്ടതാണ്. ഞങ്ങള്‍ക്കാര്‍ക്കും ഉറക്കമില്ല, സമാധാനമില്ല. ഇവരെന്ത് തെറ്റാണ് നാട്ടുകാരോട് ചെയ്തത്? എന്നായിരുന്നു അഭിരാമിയുടെ മറുപടി. ഞങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഞങ്ങളെ ഇയാളിങ്ങനെ വേട്ടയാടുന്നത് ശരിയല്ല. അത് നില്‍ക്കാതെ ജീവിച്ച് കാണിച്ചാലും ഞങ്ങളെ സമൂഹം പഴിക്കുകയേയുള്ളൂ. മരിക്കണമെന്ന ചിന്തകളിലേക്ക് എത്തിക്കുകയാണ് ഇപ്പോള്‍ ഇയാളുടെ 10-15 വര്‍ഷമായുള്ള ടോര്‍ച്ചര്‍. ചേച്ചിക്ക് പറ്റിയ സംഭവം ആണെങ്കിലും ഇതെന്റെ കുടുംബത്തെ തന്നെ ശിഥിലമാക്കിയ സത്യം ആണ്.

എന്നിട്ട് ആളുകളുടെ കണ്ണില്‍ പൊടി ഇടാന്‍ കുറേ കള്ളക്കണ്ണീരും സേവനങ്ങളും. കുഞ്ഞിനോടുള്ള സ്‌നേഹം അല്ല അയാളുടേത്. കുഞ്ഞിന്റെ അമ്മയോടുള്ള പകയാണ്. നല്ല ആണുങ്ങള്‍ അങ്ങനെയല്ല. മതിയായി. ഞങ്ങള്‍ അയാളുടെ കോടികള്‍ തട്ടിയെടുത്തിട്ടില്ല. ഞങ്ങളുടെ സംഗീതം സത്യം. എന്റെ ചേച്ചിയെ അത്ര ഉപദ്രവിച്ചിതു കൊണ്ട് ജീവനും കൊണ്ടാണ് ഓടിയത്. ആളുകള്‍ അതറിയാതെ അല്ലേ ഞങ്ങളെ വെറുക്കുന്നത്? അയാള്‍ പറയുന്ന എന്തെങ്കിലും കാര്യങ്ങള്‍ക്ക് തെളിവുണ്ടോ? എന്തൊരു വേദന ആണ് അയാള്‍ ഞങ്ങള്‍ക്ക് തരുന്നത്  എന്നാണ് ബാലയെക്കുറിച്ച് അഭിരാമി പറയുന്നത്.

അതേസമയം നിരവധി പേരാണ് അഭിരാമിയുടെ കമന്റ് ബോക്‌സില്‍ കുടുംബത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. അതേസമയം അമൃത സുരേഷ് ബാലയുടെ രണ്ടാം ഭാര്യയായിരുന്നുവെന്നും നേരത്തെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നുവെന്നും അഭിരാമി പറയുന്നുണ്ട്. നേരത്തെ ഇക്കാര്യം അമൃതയും വീഡിയോയില്‍ പറഞ്ഞിരുന്നു. ചന്ദന ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. തന്റെ ചേച്ചി രണ്ടാമത്തെ ഭാര്യയാണ്. പിന്നീടാണ് എലിസബത്തിനെ വിവാഹം കഴിച്ചത്. ഇപ്പോള്‍ മറ്റൊരു പേരും കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഉറപ്പില്ലാത്തതു കാരണം അത് വെളിപ്പെടുത്തില്ലെന്നും അഭിരാമി പറയുന്നുണ്ട്.

അതേസമയം പതിനെട്ട് വയസുള്ളപ്പോഴാണ് ഗായിക അമൃത സുരേഷ് നടന്‍ ബാലയെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്. വൈകാതെ ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായെങ്കിലും ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മൂലം ഇരുവരും  വേര്‍പിരിഞ്ഞു. എന്നാൽ ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയതിന് ശേഷവും ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. മകളെ കാണാന്‍ സാധിക്കാത്തതും അവളുടെ കൂടെ ജീവിക്കാന്‍ കഴിയാത്തതിനും പരാതികളുമായി നിരന്തരം ബാല രംഗത്ത് വരാറുണ്ട്. പല അഭിമുഖങ്ങളിലൂടെയും മകളെ കുറിച്ച് നടന്‍ സംസാരിക്കാറുണ്ട്. അടുത്തിടെയും പാപ്പു എന്ന് വിളിക്കുന്ന മകള്‍ അവന്തികയെ കുറിച്ച് ചില പരാമര്‍ശങ്ങള്‍ ബാല നടത്തിയിരുന്നു. അതിനെതിരെയാണ് കഴിഞ്ഞ ദിവസം മകൾ തന്നെ രംഗത്തെത്തിയത്.