ഡിവോഴ്സ് പ്രഖ്യാപിക്കുന്ന അഭിഷേക് ബച്ചന്റെ വീഡിയോ വൈറൽ, കാട്ടുതീ പോലെ പ്രചരിച്ചു, പക്ഷേ സത്യമിതാണ്…

സ്വകാര്യ ജീവിതത്തിലെ അറിയാത്ത കാര്യങ്ങൾ പോലും യൂട്യൂബ് തംബ്നെയിൽ ആയി കണ്ട് ഞെട്ടുന്നവരാണ് സിനിമ താരങ്ങൾ. എഐയുടെ കടന്നുവരവോടെ താരങ്ങളുടെ വ്യാജ വീഡിയോകൾ വരെ സോഷ്യൽ മീഡിയയിൽ എത്തി തുടങ്ങി. ഇപ്പോൾ ബോളുവുഡ് താരം അഭിഷേക് ബച്ചനാണ് അത്തരത്തിലുള്ള ഒരു അവസ്ഥ വന്നിട്ടുള്ളത്.

വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്നും അതിൻറെ കാരണങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുന്നതുമായ അഭിഷേക് ബച്ചൻറെ ഒരു വീഡിയോ വലിയ തോതിൽ പ്രചരിക്കുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിലുള്ള വീഡിയോ അതിവേ​ഗമാണ് വൈറലായി മാറിയത്. വീഡിയോ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ ഷെയർ ചെയ്യപ്പെടുന്നുണ്ട്.

എന്നാൽ, സൂക്ഷിച്ച് നോക്കിയാൽ ഇത് എഐ ഉപയോ​ഗിച്ച് സൃഷ്ടിച്ച വീഡിയോ ആണെന്ന് വ്യക്തമാകും. മുമ്പ് ആമിർ ഖാൻ, രൺവീർ സിംഗ്, രശ്മിക മന്ദാന, കത്രീന കൈഫ്, കജോൾ തുടങ്ങിയവരൊക്കെ ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾക്ക് ഇരകളായിരുന്നു. അതേസമയം അഭിഷേക് ബച്ചനും ഐശ്വര്യ റായ്‍ക്കും ഇടയിലുള്ള വിവാഹബന്ധം ഉലച്ചിൽ നേരിടുന്നതായുള്ള ​ഗോസിപ്പുകൾ അടുത്ത കാലത്ത് പ്രചരിച്ചതും ഈ വീ‍ഡിയോ കൂടുതൽ ചർച്ചയാകാൻ കാരണമായിട്ടുണ്ട്.