തിരുമല കോവിലിൽ, തിരുമലമുരുകനക്ക് വഴിപാടായി ചെമ്പിൽ തീർത്ത വേൽ സമർപ്പിച്ചു മോഹൻലാൽ

തമിഴ്‌നാട്, കേരള അതിർത്തിയിലെ ചെങ്കോട്ട തിരുമലക്കോവിലിൽ ദർശനം നടത്തി മോഹൻലാൽ. ക്ഷേത്ര വഴിപാടായി തിരുമലമുരുകന് ചെമ്പിൽ പൊതിഞ്ഞ വേലും സമർപ്പിച്ചു താരം. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മോഹൻലാലും സുഹൃത്തുക്കളും പൻപൊഴി തിരുമല കുമാരസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തിയത്. ദക്ഷിണപഴനിയെന്നപേരിൽ അറിയപ്പെടുന്ന മുരുകക്ഷേത്രമായ തിരുമലക്കോവിൽ വിശ്വാസികൾക്കും, വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ് ഇവിടം. 600 വര്‍ഷത്തിനപ്പുറമാണ് ഈ തിരുമലകോവിലിന്റെ പഴക്കം കണക്കാക്കുന്നത്.

അല്ലു അർജുന്റെ പുഷ്പ സിനിമയടക്കം നിരവധി ചിത്രങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ചെങ്കോട്ടയില്‍ നിന്ന് ഏകദേശം എട്ടുകിലോമീറ്ററോളം ഉള്ളിലായായി പമ്പ്‌ലിയില്‍ പശ്ചിമഘട്ടത്തോട് ചേര്‍ന്ന് കുന്നിന്‍ മുകളിലായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

തരുൺമൂർത്തി സംവിധാനം ചെയ്യ്ത മോഹൻലാലിൻറെ പുതിയ ചിത്രമായിരുന്നു തുടരും, ഈ ചിത്രത്തിൽ ‘കൊണ്ടാട്ടം’ പാട്ടിലും തിരുമല മുരുകനെക്കുറിച്ചുള്ള ഒരു പരാമർശമുണ്ട്. ഈ പാട്ട് സോഷ്യൽ മീഡിയിൽ ഹിറ്റ് ആകുകയും ചെയ്തിരുന്നു. മോഹൻലാൽ ഹിറ്റ് ആയ ഈ ചിത്രം ബോക്സോഫീസിൽ വമ്പൻ നേട്ടമാണ് നടത്തിയിരിക്കുന്നത്.