
ബോക്സ് ഓഫീസിൽ തരംഗം തീർത്ത് കൂലി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ആഗോള ബോക്സ് ഓഫീസിൽ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. ആഗസ്റ്റ് 14 ന് റിലീസ് ചെയ്ത ചിത്രം ഹൃതിക് റോഷന്റെ വാർ 2 നോടാണ് ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ 400 കോടിയിലേറെ ‘കൂലി’ നേടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. കൂലിയുടെ വിദേശ വരുമാനവും ലോകമെമ്പാടുമുള്ള കളക്ഷനും കൂടി ചേരുമ്പോൾ മൊത്തം കളക്ഷൻ 400 കോടി കവിഞ്ഞു എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. രജനീകാന്തിന്റെ അവസാനം തിയേറ്ററുകളിലെത്തിയ ചിത്രമായ വേട്ടയ്യന്റെ കളക്ഷനെ ഇതു മറികടന്നു എന്നാണ് റിപ്പോർട്ട്.
രജനീകാന്ത് പ്രധാന വേഷത്തിൽ എത്തുന്ന കൂലിയാണ് നാഗാർജുനയാണ് പ്രധാന വില്ലനെ അവതരിപ്പിച്ചത്. ശ്രുതി ഹാസൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ചു. ആമിർ ഖാൻ അതിഥി വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്.











