എത്ര തിരക്കായാലും മലയാളത്തെ ഞാന്‍ മറക്കില്ല, നയന്‍താരയുടെ വാക്കുകള്‍ ആവേശത്തോടെ ഏറ്റെടുത്ത് ആരാധകര്‍

മനസിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്ന് വന്ന താരമാണ് നയന്‍താര. മലയാളത്തില്‍ ഒരുപിടി ചിത്രങ്ങള്‍ ചെയ്തതിന് ശേഷം തമിഴിലേക്കും ചുവട് മാറ്റിയ താരത്തിന്റെ വളര്‍ച്ച കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, രജനികാന്ത്, വിജയ് തുടങ്ങിയ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം നായികയായി എത്തിയിട്ടുള്ള നയന്‍സ് ഇപ്പോള്‍ ഷാരൂഖിന്റെ നായികയായി ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്.
പക്ഷെ, അഭിമുഖങ്ങളിലോ സിനിമാ പ്രൊമോഷന്‍ പരിപാടികളിലോ നയന്‍താരയെ കാണാറില്ല. അതിനുള്ള കാരണവും താരം തന്നെ കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. കരിയറിന്റെ തുടക്ക കാലത്തില്‍ മാധ്യമങ്ങള്‍ തന്നെ വളരെ തെറ്റായി ചിത്രീകരിച്ചിട്ട് ഉണ്ടെന്നും അതുകാരണം പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു നയന്‍താര പറഞ്ഞത്.

എന്നാല്‍ എന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ തന്റേതായി മാത്രം ഇരിക്കണമെന്നതാണ് ആഗ്രഹം. അതുപോലെ തന്നെ ഞാന്‍ ചിന്തിക്കുന്നത് എന്താണ് എന്നുള്ളത് ലോകം അറിയുന്നതില്‍ എനിക്ക് താല്പര്യമില്ല. അതുപോലെ സിനിമയെ സംബന്ധിച്ചാണെങ്കില്‍ എന്റെ ജോലി അഭിനയം മാത്രമാണ്. അതുകൊണ്ട് ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ മാത്രം സംസാര വിഷയം ആയാല്‍ മതിയെന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍ നയന്‍താര പറയുന്നു.
മാത്രമല്ല, എത്ര തിരക്കായാലും മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ സമയം കണ്ടെത്തുമെന്നും, നമ്മള്‍ എത്ര വളര്‍ന്നു കഴിഞ്ഞാലും, നമ്മളുടെ മാതൃഭാഷയെ മറക്കുവാന്‍ പാടില്ലെന്നും അതുപോലെ തന്നെ ഒരു നടിയാക്കിയ മലയാള സിനിമയെ ഒരിക്കലും മറക്കില്ലെന്നുമായിരുന്നു നയന്‍താരയുടെ മറുപടി.