18 വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ, പ്രഖ്യാപനവുമായി മമ്മൂട്ടിയുടെ വാത്സല്യം പദ്ധതി

ഹൃദയപൂർവവും കാഴ്ചയും പൂർവികവും വിദ്യാമൃതവും കാരുണ്യത്തിന്റെ പുഴ തീർത്ത വഴിയിലേക്ക് ഇനി മമ്മൂട്ടിയുടെ ‘വാത്സല്യം’. പതിനെട്ടു വയസില്‍. താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയക്കായി വാത്സല്യം എന്ന പേരില്‍ മമ്മൂട്ടി പുതിയ പദ്ധതി പ്രഖ്യാപിച്ചു.ആലുവയിലെ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണല്‍ അത്യപൂർവ്വ പദ്ധതി ആവിഷ്കരിച്ചത്. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ 18 വയസ്സിന് താഴെയുളള കുട്ടികളുടെ ഹൃദയം ഉള്പ്പടെയുള്ള റോബോട്ടിക്ക് ശസ്ത്രക്രിയകൾക്കാണ്  പുതിയ പദ്ധതി പ്രയോജനപ്പെടുക.

മുതിർന്നവർക്കുള്ള ആരോഗ്യപദ്ധതികളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോയിട്ട് കാര്യമില്ലെന്നും ചെറിയ പ്രായത്തിലേയുള്ള കരുതല് പ്രധാനമാണെന്നുമുള്ള മമ്മൂട്ടിയുടെ നിർദേശമാണ് പുതിയ പദ്ധതിയുടെ പിറവിക്ക് വേഗം കൂട്ടിയത്. പുതിയ തലമുറയുടെ ആരോഗ്യപരിരക്ഷയിലെ നിർണായക ചുവടുവയ്പായി പദ്ധതി മാറുമെന്നാണ് പ്രതീക്ഷയെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ആൻഡ് സിഇഒ ഫാ.ജോൺസൺ വാഴപ്പിളളി സിഎംഐ പറഞ്ഞു.

ഹൃദ്രോഗികളുടെ ശസ്ത്രക്രിയ്ക്ക് സഹായം നൽകാൻ ആരംഭിച്ച ഹൃദ്യം പദ്ധതിയുടെ തുടർച്ചയാണ് വാത്സല്യം. 2022 മെയ് 25 ന് തുടക്കം കുറിച്ച ഹൃദ്യം പദ്ധതിയുടെ ഭാഗമായി ഇതിനോടകം 65 രോഗികൾക്ക് സൗജന്യമായും, എൺപതോളം രോഗികൾക്ക് ശസ്ത്രക്രിയയിൽ ഇളവും നൽകാനുമായെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ പറഞ്ഞു.പദ്ധതിയിൽ പങ്കാളികളാകുവാൻ കെയർ ആൻഡ് ഷെയർ ഭാരവാഹികളെ ബന്ധപ്പെടാം. നമ്പറുകൾ: 0484-2377369, +91 95620 48414 നമ്പറിൽ ബന്ധപ്പെടുക.