
നടൻ ജനാർദ്ദനൻ അഭിനയിച്ച് ഒടുവിൽ പുറത്തു വന്ന സിനിമ നിവിൻ പോളി നായകൻ ആയെത്തി സൂപ്പർ ഹിറ്റ് ആയി മാറി തിയേറ്ററിൽ പ്രദർശനം തുടരുന്ന സർവം മായയാണ്. ചിത്രത്തിൽ നിവിൻ പോളിയുടെ വലിയച്ഛൻ ആയിട്ടാണ് ഇദ്ദേഹം വേഷമിടുന്നത്. എന്തുകൊണ്ട് ഇപ്പോൾ ഇത് പറയാൻ കാരണം എന്ന് ചോദിച്ചാൽ ഒരു കാലത്ത് മലയാള സിനിമ സ്വഭാവ നടന്മാരെക്കൊണ്ട് സമ്പന്നമായിരുന്നു.
ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, ജഗന്നാഥ വർമ്മ, പ്രതാപചന്ദ്രൻ, നരേന്ദ്ര പ്രസാദ്, കരമന ജനാർദ്ദനൻ, തിലകൻ, നെടുമുടി വേണു തുടങ്ങി പ്രതിഭാശാലികൾ ആയ നടന്മാർ ഏറെയുണ്ടായിരുന്നു നമുക്ക്. പക്ഷെ കാലത്തിന്റെ പോക്കിൽ അവരിൽ പലരും നമ്മെ വിട്ടു പോയി. ആ കൂട്ടത്തിൽ ഇനി വളരെക്കുറച്ചു പേര് മാത്രമേ ശേഷിക്കുന്നുള്ളു അതിൽ തന്നെ പലരും ശാരീരിക അവശതകൾ കാരണം സിനിമ വിട്ടിട്ട് വർഷങ്ങൾ ഏറെയായി.
എന്നിരുന്നാലും 80ആം വയസിലും നടൻ ജനാർദനൻ അരങ്ങൊഴിഞ്ഞിട്ടില്ല ഇപ്പോഴും അദ്ദേഹം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. വില്ലൻ ആയും സാധു ആയും ഒക്കെ ഒരുപോലെ തിളങ്ങിയ ജനാർദ്ധനന് കോമഡിയും നല്ല വശമാണ്.











