സൂര്യയെ നായകനാക്കി ഒരുക്കിയ തമിഴ് ബിഗ് ബജറ്റ് ചിത്രം ‘സീൻ’ തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുമ്പോഴും ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ജിത്തു മാധവൻ. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ആവേശം’ രണ്ടാം ഭാഗം ഉടൻ കാണില്ലെന്നും താൻ സ്ഥിരീകരിച്ചിട്ടുള്ളത് ‘രോമാഞ്ചം 2’ മാത്രമാണെന്നും പ്രസ് മീറ്റിനിടെ സംവിധായകൻ വ്യക്തമാക്കുകയുണ്ടായി.
തന്റെ ചിത്രങ്ങളായ ‘സീൻ’, ‘ആവേശം’, ‘രോമാഞ്ചം’ എന്നിവയ്ക്ക് ഒരുമിച്ച് രണ്ടാം ഭാഗങ്ങൾ വരുന്നെന്ന രീതിയിലുള്ള പ്രചാരണങ്ങൾക്കാണ് ജിത്തു മാധവൻ വിരാമമിട്ടത്. അനുയോജ്യമായ സാഹചര്യവും സമയവും ഒത്തുവരുമ്പോൾ ‘രോമാഞ്ചം 2’ സംഭവിക്കുമെന്നും ‘ആവേശം 2’ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ മാത്രമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ദുൽഖർ സൽമാൻ – മമിത ബൈജു കൂട്ടുക്കെട്ടിൽ സിനിമ വരുന്നുവെന്ന തരത്തിലുള്ള വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും ജിത്തു വെളിപ്പെടുത്തി. സൂര്യ ചിത്രം ‘സീൻ’ റിലീസ് ചെയ്ത് കേവലം മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച് മുന്നേറ്റം തുടരുകയാണ്.
