പത്തുവർഷത്തിലേറെ നീണ്ട പ്രണയം വിവാഹത്തിലെത്തി; നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി

പത്തുവർഷത്തിലേറെ നീണ്ട പ്രണയം വിവാഹത്തിലെത്തി; നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി

തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയയായ നടി പ്രിയ ഭവാനി ശങ്കർ വിവാഹിതയായി. ദീർഘകാല സുഹൃത്തും പ്രണയിതാവുമായ രാജ്‌വേൽ രാജാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. കോളേജ് കാലം മുതൽ പരസ്പരം പരിചയമുള്ള പ്രിയയും രാജ്‌വേലും പത്തുവർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഏറെക്കാലം നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായതിന്റെ സന്തോഷത്തിലാണ് ആരാധകർ. വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകഴിഞ്ഞു.

വാർത്താ അവതാരകയായാണ് പ്രിയ ഭവാനി ശങ്കർ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയരംഗത്തേക്ക് കടന്ന താരം ‘മേയാത മാൻ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് തമിഴ് സിനിമയിൽ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തെലുങ്ക് സിനിമകളിലും സാന്നിധ്യമറിയിച്ച പ്രിയയുടെ അടുത്തിടെ പുറത്തിറങ്ങിയ ‘ഇരുമുടി’യിലെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. ‘ഡിമോണ്ടെ കോളനി 3’ ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. പുതിയ ജീവിതത്തിലേക്ക് കടന്ന പ്രിയ ഭവാനി ശങ്കറിനും രാജ്‌വേൽ രാജിനും ആശംസകളുമായി സിനിമാ ലോകത്തുനിന്നും ആരാധകരിൽനിന്നും നിരവധി പേരാണ് എത്തുന്നത്.