മകൾ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നു അനിൽകുമാർ; അച്ഛനുള്ള മറുപടിയുമായി കല്പനയുടെ മകൾ

നടി കല്പനയുടെ ഭർത്താവ് അനിൽ കുമാർ വീണ്ടും വിവാഹിതനായി എന്ന വിവരം അടുത്തിടെയാണ് പ്രേക്ഷകർ അറിഞ്ഞത്. അഡ്വക്കേറ്റായ കൃഷ്ണയാണ് അനിലിനെ വിവാഹം ചെയ്തത്.

ഒരാഴ്ച മുമ്പ് ഒരു സെലിബ്രിറ്റി ഫങ്ഷനിൽ പങ്കെടുക്കാൻ രണ്ടാം ഭാര്യയ്ക്കൊപ്പം അനിൽ എത്തിയിരുന്നു. ആ വീഡിയോ വൈറലായപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായത് മകൾ ശ്രീമയിയുമായി അനിൽ ബന്ധം പുലർത്താത്തതിന്റെ കാരണമാണ്.

സോഷ്യൽമീഡിയയിൽ ആക്ടീവായ ശ്രീമയി അമ്മയെ കുറിച്ച് എപ്പോഴും വാചാലയാകാറുണ്ടെങ്കിലും അച്ഛനെ കുറിച്ച് എവിടെയും സംസാരിച്ചിട്ടില്ല. എന്തുകൊണ്ട് അച്ഛനൊപ്പമുള്ള ഒരു ഫോട്ടോ പോലും താരപുത്രി എങ്ങും പങ്കുവെക്കാറില്ല എന്ന ചോദ്യവും ഉയരാറുണ്ട് .

എന്നാൽ കൽപ്പനയുമായി വേർപിരിയും മുമ്പ് വരെ മകളെ ജീവനായി കൊണ്ടുനടന്നിരുന്നയാളാണ് അനിൽ. അതുകൊണ്ട് തന്നെയാണ് അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിനിടയിൽ എന്ത് സംഭവിച്ചുവെന്ന സംശയം ആരാധകർക്കുണ്ടായത്.

കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അതിനുള്ള കാരണം അനിൽ കുമാർ വെളിപ്പെടുത്തിയിരുന്നു. മകൾ കല്‍പ്പനയുടെ അമ്മയ്‌ക്കൊപ്പം ചെന്നൈയിലാണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം കഴിഞ്ഞു. ഇടയ്ക്ക് സിനിമയില്‍ അഭിനയിക്കുന്നുവെന്ന് കേട്ടിരുന്നു. മനസുകൊണ്ട് ഏറ്റവും അടുത്തവരായിരുന്നു ഞങ്ങള്‍. എന്റെ അമ്മയും സഹോദരിയുമായൊക്കെ അവള്‍ നല്ല അടുപ്പത്തിലായിരുന്നു.

കല്‍പ്പന മരിച്ചശേഷം പോലും ഞങ്ങള്‍ തമ്മില്‍ കോണ്‍ടാക്ടുണ്ടായിരുന്നു. കുറച്ച് നാളായി കാണാറില്ല. സംസാരിക്കാറുമില്ല. എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്ന് തനിക്കിപ്പോഴും മനസിലായിട്ടില്ല. ആരൊക്കെയോ ചേര്‍ന്ന് അവളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവാം എന്നാണ് അനിൽകുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്.

അതുവരെ എനിക്കൊപ്പം ഷോപ്പിങിനൊക്കെ വന്നിരുന്ന കുട്ടിയാണ്. പെട്ടെന്ന് ഒരു ദിവസം കൂടിക്കാഴ്ചകള്‍ ഇല്ലാതായി. ഒരുപക്ഷെ അവള്‍ക്ക് അവളുടേതായ തിരക്കുകള്‍ ഉണ്ടാകാം. പക്ഷെ എനിക്കുറപ്പുണ്ട്. എന്നെങ്കിലും ഒരിക്കല്‍ അവള്‍ എന്നെ തേടി വരും. അല്ലെങ്കില്‍ അവള്‍ക്കൊരു ആവശ്യമുണ്ടാകുന്ന സമയത്ത് ഞാന്‍ അവളെ തേടി ചെല്ലും. അവള്‍ എന്റെ മോളാണ്. എന്നും എന്റെ ഹൃദയത്തില്‍ അവള്‍ ഉണ്ടാകും. ആര്‍ക്കും ആ ബന്ധം പറിച്ചെറിയാനാവില്ലെന്നാണ് അനിൽ പറഞ്ഞത്.

അച്ഛന്റെ അഭിമുഖം വൈറലായതിന് പിന്നാലെ ശ്രീമയി ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ട ഒരു വീ‍ഡിയോയാണ് ചർച്ചയാകുന്നത്. കൈക്കുഞ്ഞായ ശ്രീമയിയെ നെഞ്ചോട് ചേർത്ത് ഓമനിക്കുന്ന കൽപ്പനയാണ് വീഡിയോയിലുള്ളത്. കൽപ്പനയുടെ പ്രസവം കഴിഞ്ഞ് വൈകാതെ പകർത്തിയ വീഡിയോയാണ് ശ്രീമയി പങ്കിട്ടത്.

അമ്മ മാത്രമെ തന്നെ എപ്പോഴും സ്നേഹിച്ചിട്ടുള്ളുവെന്ന് അച്ഛനോട് പറയാതെ പറയുംപോലെയായിരുന്നു ശ്രീമയിയുടെ ആ വീഡിയോ. ഒരു കുപ്പിയിൽ പാലുമായി, പ്രസവിച്ച് അധികനാൾ പ്രായമില്ലാത്ത കൊച്ചുകുഞ്ഞിനെ നെഞ്ചോടു ചേർത്ത് കൊണ്ടുവന്ന്, മടിയിലിരുത്തി ഓമനിക്കുന്ന കല്പനയുടെ ഒരു ചെറിയ വീഡിയോ ആണ് ശ്രീമയി പോസ്റ്റ് ചെയ്തത്. മാതാപിതാക്കളിൽ ശ്രീമയിക്ക് ഏറെ അടുപ്പം അമ്മയോടാണ്.

ഏറെക്കാലം തന്റെ അമ്മയും അമ്മയുടെ സഹോദരിമാരും ചേച്ചിമാരാണ് എന്ന് കരുതിയിരുന്ന ഒരു ബാല്യം ഉണ്ടായിരുന്നുവെന്നും പിന്നീട് ആ തെറ്റിദ്ധാരണ എല്ലാവരും ചേർന്ന് പറഞ്ഞു മാറ്റിയെടുക്കുകയായിരുന്നു എന്നും ശ്രീമയി ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്‌. കൽപ്പനയുടെ ജീവിതം തന്നെ മകൾക്ക് വേണ്ടിയായിരുന്നു. ഇപ്പോഴും അമ്മയുടെ ഓർമകളാണ് ശ്രീമയിക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രചോദനം. ‌

അമ്മയുടെ തനിപകർപ്പാണ് മകൾ എന്നാണ് ആരാധകരും പറയാറുള്ളത്. അമ്മയുടെ മരണത്തോടെ തകർന്ന് പോയ ജീവിതം ശ്രീമയി തിരികെ പിടിച്ചത് ഉർവശിയുടെ മകൾ കുഞ്ഞാറ്റയുടെയും കൽപ്പനയുടെ കുടുംബത്തിന്റെയും സ്നേഹം കൊണ്ടാണ്.

അതേസമയം കല്‍പ്പന ഓര്‍മയായിട്ട് ഏഴ്‌ വര്‍ഷങ്ങള്‍ പിന്നിടുന്നു. സഹനടിയായി  വെള്ളിത്തിരയില്‍ എത്തിയ താരം മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സജീവമായിരുന്നു. മുപ്പത്തിയൊമ്പത് വർഷത്തിനിടയിൽ മുന്നൂറോളം സിനിമകളിൽ അഭിനയിച്ച കൽപ്പന ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. സംവിധായകനായ അനിലായിരുന്നു കൽപ്പനയുടെ ജീവിത പങ്കാളി. പക്ഷെ പൊരുത്തക്കേടുകൾ മൂലം ഇരുവരും കൽപ്പന ജീവിച്ചിരുന്നപ്പോൾ തന്നെ വേർപിരിഞ്ഞു. ഏക മകൾ ശ്രീമയി കൽപ്പനയ്ക്കൊപ്പമാണ് വളർന്നത്.