
മലയാളികളുടെ പ്രിയപ്പെട്ട കോമഡി എന്റർടെയ്നറായ ‘കല്യാണരാമൻ’ 24 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്. ദിലീപ് നായകനായെത്തിയ ചിത്രത്തിന്റെ 4K റീ റിലീസ് പോസ്റ്റർ താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്കുള്ള സർപ്രൈസായി പുറത്തിറക്കി. അത്യാധുനിക 4K ദൃശ്യനിലവാരത്തിലും ഡോൾബി അറ്റ്മോസ് ശബ്ദമികവിലുമാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്.
2002ൽ പുറത്തിറങ്ങിയ ‘കല്യാണരാമൻ’ സംവിധാനം ചെയ്തത് ഷാഫിയാണ്. ബെന്നി പി. നായരമ്പലം കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രം ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ ആണ് നിർമ്മിച്ചത്. വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി തുടരുന്ന ‘കല്യാണരാമൻ’ വീണ്ടും ബിഗ് സ്ക്രീനിലെത്തുമ്പോൾ രാമൻകുട്ടി, പോഞ്ഞിക്കര, പ്യാരി എന്നീ കഥാപാത്രങ്ങളുടെ തമാശകളും ദിലീപ്–ഇന്നസെന്റ്–സലിം കുമാർ കൂട്ടുകെട്ടും വീണ്ടും ആസ്വദിക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
‘ദേവദൂതൻ’, ‘ചോട്ടാ മുംബൈ’, ‘കിരീടം’ തുടങ്ങിയ ചിത്രങ്ങളുടെ റീ റിലീസുകൾക്കായി റീമാസ്റ്ററിങ് നിർവഹിച്ച ഹൈ സ്റ്റുഡിയോസാണ് ‘കല്യാണരാമനും’ പുതിയ സാങ്കേതിക മികവിൽ ഒരുക്കുന്നത്. മികച്ച ദൃശ്യ-ശ്രവ്യ അനുഭവത്തോടെ ചിത്രം തിയറ്ററുകളിൽ തിരിച്ചെത്തുമ്പോൾ പഴയകാല സിനിമാ ഓർമകൾ വീണ്ടും പുതുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ദിലീപിനൊപ്പം കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇന്നസെന്റ്, സലിം കുമാർ, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചുപ്രേമൻ തുടങ്ങി ശ്രദ്ധേയമായ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ബേണി–ഇഗ്നേഷ്യസ് സംഗീതം പകർന്നു. പി. സുകുമാറാണ് ഛായാഗ്രഹണം നിർവഹിച്ചത്. ഹരിഹരപുത്രനാണ് എഡിറ്റർ. പി. ശിവപ്രസാദാണ് ചിത്രത്തിന്റെ പി.ആർ.ഒ.












