
തെന്നിന്ത്യൻ ഹിറ്റ് ഗാനമായ ‘എൻജോയ് എൻജാമി’യുടെ അവകാശത്തെച്ചൊല്ലി സംഗീത സംവിധായകൻ സന്തോഷ് നാരായണനും ഗായകൻ അറിവും തമ്മിലുള്ള പോര് മുറുകുന്നു. ഗാനം എഴുതിയതും ഈണം നൽകിയതും താനാണെന്നും എന്നാൽ പ്രതിഫലമോ ക്രെഡിറ്റോ ലഭിച്ചില്ലെന്നുമുള്ള അറിവിന്റെ ആരോപണങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് സന്തോഷ് നാരായണൻ പ്രതികരിച്ചത്. അറിവിന്റെ അവകാശവാദങ്ങൾ ‘അസംബന്ധവും’ (Delusional) നുണകൾ നിറഞ്ഞതുമാണെന്ന് അദ്ദേഹം എക്‌സിൽ (ട്വിറ്റർ) കുറിച്ചു. തെളിവുകളുമായി ഏത് മാധ്യമത്തിലൂടെയും താൻ സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ഗാനത്തിന്റെ വരികൾ തന്റെ പൂർവ്വികരുടെ ചരിത്രമാണെന്നും എന്നാൽ തന്നെ ഒരു ‘ഫീച്ചറിംഗ് ആർട്ടിസ്റ്റ്’ മാത്രമാക്കി ഒതുക്കിയെന്നുമാണ് അറിവ് ഉന്നയിച്ച പ്രധാന പരാതി. അഞ്ച് വർഷം കഴിഞ്ഞിട്ടും തനിക്ക് റോയൽറ്റിയോ ഉടമസ്ഥാവകാശമോ ലഭിച്ചിട്ടില്ലെന്നും അറിവ് വ്യക്തമാക്കി. ഇതിന് മറുപടിയായി, ഗാനത്തിന്റെ അടിസ്ഥാന ആശയം തന്റെ മകൾ ധീയുടെതാണെന്നും സംഗീതം നിർവ്വഹിച്ചത് താനാണെന്നും സന്തോഷ് നാരായണൻ പറഞ്ഞു. അറിവ് ഉന്നയിക്കുന്ന സാങ്കേതികവും നിയമപരവുമായ എല്ലാ കാര്യങ്ങളും തെറ്റാണെന്നും, അറിവ് തന്നെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
നേരത്തെ ഈ വിഷയം സ്വകാര്യമായി സംസാരിച്ച് തീർക്കാൻ അറിവ് ശ്രമിച്ചുവെന്ന വാദവും സന്തോഷ് തള്ളി. അറിവ് നുണകൾ പ്രചരിപ്പിക്കുകയാണെന്നും കഴിഞ്ഞ വർഷം വിവാഹത്തിന് ക്ഷണിക്കാൻ വന്നതല്ലാതെ മറ്റ് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 521 മില്യണിലധികം കാഴ്ചക്കാരുള്ള ഈ ഗാനം പുറത്തിറങ്ങിയത് മുതൽ തുടങ്ങിയ തർക്കം ഇപ്പോൾ വ്യക്തിപരമായ ആരോപണങ്ങളിലേക്ക് നീങ്ങുകയാണ്. സംവിധായകൻ പാ രഞ്ജിത്ത് ഉൾപ്പെടെയുള്ളവർ മുൻപ് അറിവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.











