ലിസിയുടെ 59ആം പിറന്നാൾ; പ്രിയനില്ല, പക്ഷെ ശോഭനയും തൃഷയും എല്ലാം എത്തി..

നടി ലിസിയുടെ 59ആം പിറന്നാൾ ആഘോഷമാക്കി സുഹൃത്തുക്കൾ. ശോഭന, രാധിക ശരത്കുമാർ, തൃഷ, രമ്യ കൃഷ്ണൻ, ഗൗതം വാസുദേവൻ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു. സുഹൃത്തുക്കൾക്കൊപ്പം േകക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളും വിഡിയോയും ലിസി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. അഭിനയരംഗത്ത് സജീവമല്ലെങ്കിലും ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന താരമാണ് ലിസി. തന്റെ ഫിറ്റ്നസ് ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുമുണ്ട്. ചെന്നൈയില്‍ താമസിക്കുന്ന ലിസി എണ്‍പതുകളിലെ സൂപ്പര്‍ നായികയായിരുന്നു. ചെന്നൈയിൽ അത്യാധുനിക സൗകര്യമുള്ള ഡബ്ബിങ് സ്റ്റുഡിയോ നടത്തുകയാണ് താരം ഇപ്പോൾ. അതേസമയം 1990 ല്‍ പ്രണയിച്ച് വിവാഹം ചെയ്ത ലിസിയും സംവിധായകൻ പ്രിയദർശനും 2016ൽ ഔദ്യോഗികമായി ബന്ധം വേര്‍പെടുത്തിയിരുന്നു. പക്ഷേ പരസ്പരമുള്ള സ്‌നേഹവും ബഹുമാനവും ഇന്നും തുടരുന്നു. സംവിധായകന്‍ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ലിസിയും പ്രിയദര്‍ശനും ഒരുമിച്ച് എത്തിയിരുന്നു. എന്നാൽ ലിസിയുടെ പിറന്നാൾ ദിനത്തിൽ പ്രിയന്റെ സാന്നിധ്യം ഉണ്ടായില്ല..