മഹിമ നമ്പ്യാർ അഭിനയിക്കാൻ മടിച്ചില്ല; ‘മണ്ടാടി’ ചിത്രത്തെക്കുറിച്ച് സൂരി

സൂരി നായകനാകുന്ന പുതിയ തമിഴ് ചിത്രം ‘മണ്ടാടി’ സെപ്റ്റംബർ 10-ന് തിയറ്ററുകളിൽ എത്തുന്നു. കടലിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആക്ഷൻ ഡ്രാമ ചിത്രത്തിൽ മലയാളിയായ മഹിമ നമ്പ്യാരാണ് നായിക. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മഹിമയെക്കുറിച്ച് സൂരി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിരവധി നടിമാരെ ഈ കഥാപാത്രത്തിനായി സമീപിച്ചെങ്കിലും പല കാരണങ്ങളാൽ പലരും ഒഴിഞ്ഞുമാറുകയായിരുന്നെന്ന് സൂരി വ്യക്തമാക്കി. എന്നാൽ കഥ പൂർണ്ണമായി കേട്ട്, അതിന്റെ വ്യാപ്തി മനസ്സിലാക്കി മഹിമ ആ വേഷം ചെയ്യാൻ സന്തോഷത്തോടെ തയ്യാറാകുകയായിരുന്നുവെന്നും സൂരി കൂട്ടിച്ചേർത്തു.

മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആർഎസ് ഇൻഫോടെയ്ൻമെൻ്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ്. ശ്രീ ഗോകുലം മൂവീസാണ് ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്നാട് തീരപ്രദേശത്തെ ഒരു സവിശേഷ കായികയിനവും ബോട്ട് മത്സരവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. തെലുങ്ക് താരം സുഹാസ് വില്ലനായി എത്തുന്ന ചിത്രത്തിൽ സത്യരാജ്, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. ജി.വി. പ്രകാശ് സംഗീതവും എസ്.ആർ. കതിർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.