നാഗ ചൈതന്യ-ശോഭിത: ഒന്നാം വിവാഹ വാർഷികത്തിൽ ഹൃദയസ്പർശിയായ വീഡിയോ പങ്കുവെച്ച് ശോഭിത

ഹൈദരാബാദ്:തെലുങ്ക് സിനിമയിലെ പ്രിയപ്പെട്ട താരങ്ങളായ നാഗ ചൈതന്യയും ശോഭിത ധൂളിപാലയും വിവാഹ ജീവിതത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുകയാണ്. ഈ പ്രത്യേക ദിനത്തിൽ, ശോഭിത തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ വിവാഹത്തിന്റെ കാണാത്ത ദൃശ്യങ്ങൾ ഉൾപ്പെടുന്ന മനോഹരമായ ഒരു വീഡിയോ പങ്കുവെച്ചു.

പരമ്പരാഗത തെലുങ്ക് ആചാരപ്രകാരം ഹൈദരാബാദിൽ നടന്ന വിവാഹച്ചടങ്ങിലെ സന്തോഷകരമായ നിമിഷങ്ങളും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ആഘോഷത്തിന്റെ ദൃശ്യങ്ങളുമാണ് വീഡിയോയിലുള്ളത്. ‘ഒരു വർഷം മിസ്സ് ആയി!’ എന്ന അടിക്കുറിപ്പോടെയാണ് ശോഭിത വീഡിയോ പങ്കുവെച്ചത്.

ശോഭിതയുടെ കുറിപ്പ്:

ഭർത്താവെന്ന് താൻ വിളിക്കുന്ന പുരുഷനോടൊപ്പം സൂര്യനെ ചുറ്റി ഒരു വർഷം പൂർത്തിയാക്കിയതിലുള്ള സന്തോഷം നടി പങ്കുവെച്ചു. “കാറ്റ് എപ്പോഴും വീശുന്നത് വീടിനെ ലക്ഷ്യമാക്കിയാണ്. ഞാൻ ഭർത്താവെന്ന് വിളിക്കുന്ന പുരുഷനോടൊപ്പം ഡെക്കാനിൽ ഒരു വർഷം, തീയിൽ ശുദ്ധീകരിക്കപ്പെട്ടതുപോലെ ഞാൻ പുതുതായി അനുഭവപ്പെടുന്നു. ഒരു വർഷം മിസ്സ് ആയി!” എന്നായിരുന്നു ശോഭിതയുടെ ഹൃദയസ്പർശിയായ കുറിപ്പ്.

ശോഭിതയുടെ പോസ്റ്റിന് മറുപടിയായി നാഗ ചൈതന്യയും സ്നേഹം പങ്കുവെച്ചു. “എന്റെ പ്രിയേ, നിന്റെ യാത്രയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ അനുഗ്രഹീതനായിരിക്കുന്നു. ഹാപ്പി ആനിവേഴ്സറി,” എന്ന് അദ്ദേഹം കുറിച്ചു.

വീഡിയോയിൽ, ഇരുവരും പരസ്പരം തങ്ങളുടെ പ്രണയം തുറന്നുപറയുന്ന ഭാഗങ്ങളുമുണ്ട്. ‘ഞങ്ങൾ ഒറ്റയ്ക്ക് പൂർണ്ണരാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. പക്ഷേ അദ്ദേഹമില്ലാത്ത ഒരവസ്ഥയിൽ എനിക്ക് പൂർണ്ണതയുണ്ടാകില്ല,’ എന്ന് ശോഭിത പറയുമ്പോൾ, ‘ഞാൻ ഉറങ്ങാൻ പോകുമ്പോഴും ഉണരുമ്പോഴും അവൾ എന്റെ ജീവിതത്തിൽ ഉണ്ട് എന്ന ചിന്ത എനിക്ക് വലിയ ആശ്വാസം നൽകുന്നു, അവളോടൊപ്പം എനിക്ക് എന്തും കീഴടക്കാൻ കഴിയുമെന്ന തോന്നൽ നൽകുന്നു’ എന്ന് നാഗ ചൈതന്യ പറയുന്നു.

നിലവിൽ താരങ്ങൾ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്നു കമന്റുകൾ ചെയ്യുന്നത്.