നാനിയുടെ ‘ദ പാരഡൈസ്’; ഇന്റർവെൽ തീം പുറത്തിറങ്ങി

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ന്റെ ഇന്റർവെൽ തീം പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഇന്റർവെൽ തീം അനിരുദ്ധ് തന്നെയാണ് ആലപിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിച്ച ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം സുധാകർ ചെറുകുറിയാണ്. ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ദസറ’യ്ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്നതിന്റെ പ്രത്യേകതയും ‘ദ പാരഡൈസ്’ക്കുണ്ട്.

ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ‘ആയാ ഷേർ’, ‘യേഷാ നഗുല’ എന്നീ ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായി ഒരുങ്ങുന്ന ചിത്രത്തിൽ ജദാൽ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ് അവതാരമായാണ് ജദാലിനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, മാസ് ഡയലോഗുകൾ, ബ്രഹ്മാണ്ഡ ദൃശ്യങ്ങൾ എന്നിവയിലൂടെ ശ്രദ്ധ നേടിയ ടീസർ ചിത്രത്തിലെ ആക്ഷനും വയലൻസിനും നൽകുന്ന പ്രാധാന്യവും സൂചിപ്പിച്ചിരുന്നു. പുതിയ ഇന്റർവെൽ തീം കൂടി എത്തിയതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഉയർന്നിരിക്കുകയാണ്.