അർദ്ധരാത്രി നവ്യയ്‌ക്കൊരു സർപ്രൈസ്സ് ഒരുക്കി വീട്ടുകാരും സുഹൃത്തുക്കളും ! ഇത്തവണ ആ ചോദ്യങ്ങൾ ഇല്ല

നടി നവ്യ നായരുടെ പിറന്നാൾ ദിനമാണിന്ന്. 39 വയസ് പൂർത്തിയായ നവ്യ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷിച്ചു. നവ്യക്ക് സർപ്രെെസായാണ് വീട്ടുകാരും സുഹൃത്തുക്കളും പിറന്നാൾ ആഘോഷത്തിന് ഒരുക്കങ്ങൾ നടത്തിയത്.

അതേസമയം പിറന്നാൾ കേക്ക് ഒരുക്കിയത് തന്നെ ഇഷ്ടപ്പെ‌ടുന്ന ഒരു കൂട്ടം ആളുകളാണെന്ന് നവ്യ പറയുന്നുണ്ട്. നിരവധി പിറന്നാൾ സമ്മാനങ്ങളും നവ്യക്ക് ലഭിച്ചിട്ടുണ്ട്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് താരം.

“അങ്ങനെ ഈ വർഷത്തെ പിറന്നാളോട് കൂടി ഈ പരിപാടി അവസാനിപ്പിക്കുന്നു. ഇനി നാല് വർഷത്തിൽ ഒരിക്കൽ മാത്രം. ദയവു ചെയ്തു ഓർമിപ്പിക്കല്ലേ പൊന്നേ. നടന്നതൊക്കെ ഇവിടെ ഉണ്ട്. അപ്പോ ഓക്കേ ബൈ”,’എന്ന രസകരമായ ക്യാപ്ഷനോടെയാണ് നവ്യ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോകൾ പങ്കുവെച്ചിരിക്കുന്നത്.

മകനും അച്ഛനും അമ്മയുമെല്ലാം പിറന്നാൾ ദിനത്തിൽ നവ്യക്ക് അരികിലുണ്ട്. മകൻ പിറന്നാൾ സമ്മാനം നൽകിയപ്പോൾ ആരാണ് വാങ്ങിച്ചതെന്ന് കൗതുകത്തോടെ നവ്യ ചോദിക്കുന്നുണ്ട്. നവ്യയുടെ അച്ഛൻ മകൾക്ക് പിറന്നാൾ കേക്ക് നൽകുന്നത് വീഡിയോയിൽ പകർത്തുന്ന തിരക്കിലായിരുന്നു. സന്തോഷകരമായ ഒരുപിടി നിമിഷങ്ങളാണ് നവ്യ വീഡിയോകളിലൂടെ പങ്കുവെച്ചത്.

നവ്യയുടെ പിറന്നാളിൽ ആരാധകർ ഒരുക്കിയ കേക്കാണ് എടുത്തുപറയേണ്ടത്. കേക്കിനുള്ളിൽ ഒരു നർത്തകിയെയാണ് ആരാധകർ നവ്യയ്ക്കായി ഒരുക്കിവച്ചിരുന്നത്. കൂടാതെ കേക്കിൽ നൃത്തത്തിന്റെ ചില മുദ്രകളും കാണാം. ‘ഈ കേക്ക് എന്റെ വീട്ടുകാർ പ്ലാൻ ചെയ്തതല്ല. ഇത് എന്റെ സിനിമകൾ കണ്ടും അല്ലാതെയും എന്നെ ഇഷ്ടപ്പെടുകയും എന്റെ വലിയ പിന്തുണയായി മാറിയ പ്രിയപ്പെട്ടവർ സമ്മാനിച്ചതാണ്. ജബിയ്ക്ക് പ്രത്യേക നന്ദി. എപ്പോഴും വ്യത്യസ്തമുള്ളവ സമ്മാനിച്ച് അമ്പരിപ്പിക്കുന്ന ഈ പെൺകുട്ടിയുടെ ജാലവിദ്യ അവസാനിക്കുന്നില്ലെന്ന് നവ്യ നായർ പറയുന്നു’.

അടുത്തിടെ മാതംഗി ഫെസ്റ്റിവലും സൂര്യ ഫെസ്റ്റിവലും വിദ്യാരംഭവും മറ്റു പരിപാടികളുമൊക്കെ കഴിഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു നവ്യ. അതിനാൽ ആഘോഷങ്ങളൊന്നും വേണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷേ അമ്മയ്ക്കും സായിക്കുമൊപ്പം ഈ കള്ളത്തരങ്ങൾക്കെല്ലാം ആര്യയും, ലക്ഷ്മിയും കൂട്ടുനിന്നു. സന്തോഷം കൊണ്ട് മനസ്സ് നിറയുകയാണെന്ന് നവ്യ കൂട്ടിച്ചേർത്തു.

നടൻ രമേശ് പിഷാരടി, സണ്ണി വെയിൻ, സാധിക വേണുഗോപാൽ, തുടനിയ താരങ്ങൾ നവ്യയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിട്ടുണ്ട്. അതേസമയം ഇത്തവണയും ഭർത്താവ് സന്തോഷ് മേനോൻ നവ്യയ്ക്കൊപ്പമില്ല. കഴിഞ്ഞ കുറേ നാളുകളായി വിശേഷ ദിവസങ്ങളിൽ നവ്യക്കൊപ്പം ഭർത്താവിനെ കാണാറില്ല. ഇത് പല അഭ്യൂഹങ്ങൾക്കും കാരണമായിട്ടുണ്ട്. എന്നാൽ ഇത്തവണ ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾ കമന്റുകളായി ആരും ചോദിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.

മുംബൈയിലാണ് സന്തോഷ് മേനോന്റെ ജോലി. നവ്യ സിനിമയും നൃത്തവുമെല്ലാമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിലാണുള്ളത്. ഇതാണ് ഇരുവരെയും ഒരുമിച്ച് കാണാത്തതിന് കാരണമെന്ന് ആരാധകർ പറയുന്നു. വിവാഹ ശേഷം മുംബൈയിലേക്ക് തന്റെ ജീവിതം പറിച്ച് നട്ടതായിരുന്നു നവ്യ. എന്നാൽ ഒന്നും ചെയ്യാതെ വീട്ടമ്മയായുള്ള ജീവിതം തനിക്ക് മടുപ്പുളവാക്കുന്നതായിരുന്നെന്ന് നവ്യ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. പഠനവും നൃത്തവും തുടരാൻ തീരുമാനിച്ചു. എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല. വിവാഹിതയായ കാലത്ത് തന്റെ അവകാശങ്ങളെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. അക്കാലത്തെ യാഥാസ്ഥിതിക ചിന്താ​ഗതിയായിരുന്നു തനിക്കും.
വിവാഹ ജീവിതം തന്റെ സ്വപ്നങ്ങളെ ഒരു പരിധി വരെ ബാധിച്ചിട്ടുണ്ടെന്നും നവ്യ തുറന്ന് പറഞ്ഞിട്ടുണ്ട്. യുപിഎസി നേടണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷെ നടന്നില്ല. ‍ഡാൻസിൽ ഡി​ഗ്രി ചെയ്യാൻ നോക്കിയപ്പോൾ മകൻ ചെറിയ പ്രായമാണെന്ന് പറഞ്ഞ് ഭർത്താവ് എതിർത്തു.

ഇങ്ങനെയാണ് പലപ്പോഴും നിസഹായരായി പോകുന്നത്. ഇത് തിരിച്ചറിയുമ്പോഴേക്കും വർഷങ്ങൾ കടന്ന് പോയിട്ടുണ്ടാകുമെന്നും നവ്യ നായർ ചൂണ്ടിക്കാട്ടി.

വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ അഭിനയ രം​ഗത്തേക്ക് തിരിച്ച് വരുന്നത്. സിനിമ മികച്ച വിജയം നേടി. ജാനകി ജാനേ ആണ് നവ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.