ഒന്നും കാണാതെ നസ്രിയ ഓകെ പറയില്ല! ഒപ്പം തൊട്ടതെല്ലാം പൊന്നാക്കിയ ബേസിൽ; ആരാധകർക്ക് കാത്തിരിക്കാൻ പുതിയ പ്രഖ്യാപനം

ഒരിടവളയ്ക്ക് ശേഷം നസ്രിയ വീണ്ടും മലയാളത്തിൽ നായികയായി എത്തുന്നു. ബേസിൽ ജോസഫ് നായകനായി എത്തുന്ന സൂക്ഷ്മദർശിനി എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. എം സി ജിതിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാർത്ഥ് ഭരതൻ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

സമീർ താഹീർ ഷൈജു ഖാലിദ് എന്നിവരുടെ നിർമ്മാണ കമ്പനിയായ ഹാപ്പി അവേർസ്, എവി അനൂപിൻറെ എവിഎ പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് ബേസിൽ ജോസഫ് പുറത്തുവിട്ടിട്ടുണ്ട്. ക്രിസ്റ്റോ സേവ്യറാണ് സംഗീതം ഒരുക്കുന്നത്. ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം ക്രിസ്റ്റോയുടെ സം​ഗീതത്തിൽ എത്തുന്ന ചിത്രമാണ് ഇത്.

ട്രാൻസ്, മണിയറയിലെ അശോകൻ, നാനിക്കൊപ്പം ചെയ്ത തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികി എന്നീ സിനിമകളിലാണ് നസ്രിയ ഒടുവിലായി അഭിനയിച്ചത്. ട്രാൻസിന് ശേഷം മലയാളത്തിലെ താരത്തിന്റെ ആദ്യ തീയറ്ററിൽ റിലീസ് കൂടിയാകും സൂക്ഷ്മദർശിനി. 2018 ൽ ഇറങ്ങിയ നോൺസൻസ് എന്ന ചിത്രത്തിലൂടെയാണ് എം സി ജിതിൻ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് മലയാളം സീസൺ 5 താരം റിനോഷ് ജോർജ് ആയിരുന്നു നായകൻ. ചിത്രത്തിൻറെ ഷൂട്ടിം​ഗ് ആരംഭിച്ചു.