ആദിപുരുഷിന്റെ 10,000 ടിക്കറ്റുകള്‍ വാങ്ങി രാംചരണ്‍!!

റിലീസിന് മുന്‍പ് തന്നെ വിവാദത്തിലിടം പിടിച്ച ചിത്രമാണ് പ്രഭാസ് നായകനായ ആദിപുരുഷ്. ട്രെയിലര്‍ പുറത്തുവന്നപ്പോഴേ ഗ്രാഫിക്‌സിനെതിരെ രൂക്ഷ വിമര്‍ശനം നിറഞ്ഞിരുന്നു. ആദിപുരുഷ് 16ന് തിയറ്ററുകളിലേക്ക് എത്തുന്നത്. രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. രാമനായി പ്രഭാസും സീതയായി കൃതി സനോണുമാണ് ചിത്രത്തിലെത്തുന്നത്. ഓം റാവത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഗംഭീര വിഎഫ്ക്‌സ് ഇഫക്ടോടെയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ചിത്രം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ വലിയ ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ഇപ്പോഴിതാ, ചിത്രത്തിന്റെ 10,000 ടിക്കറ്റുകള്‍ വാങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍ രാം ചരണ്‍. നിരാലംബരായ കുട്ടികള്‍ക്കും ആദിപുരുഷ് കാണണമെന്ന ആഗ്രഹം സഫലമാക്കുകയാണ് രാം ചരണ്‍. മുന്‍പ് രണ്‍ബീര്‍ കപൂറും ആദിപുരുഷിന്റെ 10,000 ടിക്കറ്റുകള്‍ വാങ്ങിയിരുന്നു.

വിവാദ ചിത്രം കശ്മീര്‍ ഫയല്‍സിന്റെ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാളും ആദിപുരുഷിന്റെ 10,000 ടിക്കറ്റുകള്‍ സംഭാവന ചെയ്യുമെന്ന് അറിയിച്ചിരുന്നു. തെലങ്കാനയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും അനാഥാലയങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കുമായി ചിത്രം കാണാന്‍ അവസരമൊരുക്കുമെന്ന് അഭിഷേക് അഗര്‍വാള്‍ വ്യക്തമാക്കിയിരുന്നു.

500 കോടി ബജറ്റിലാണ് ആദിപുരുഷ് ഒരുങ്ങുന്നത്. ഹിന്ദി പതിപ്പില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളില്‍ 100 കോടി നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.