
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ വമ്പൻ പ്രതീക്ഷയോടെ എത്തുന്ന ചിത്രമാണ് രാമായണ. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുന്നത്. പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാർഡ് നേടിയ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡി.എൻ.ഇ.ജി, യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
രാമനായി രൺബീറും സീതയായി സായ് പല്ലവിയും എത്തുമ്പോൾ യഷ് ആണ് രാവണനായി എത്തുന്നത്. എന്നാൽ ടീസർ പുറത്തുവന്നതോടെ വലിയ ട്രോളുകളാണ് ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂപപ്പെടുന്നത്.
രാമായണത്തെ തന്നെ അടിസ്ഥാനമാക്കി ഒരുക്കിയ പ്രഭാസ് ചിത്രം ആദിപുരുഷമായി താരതമ്യപ്പെടുത്തിയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ രൂപപ്പെടുന്നത്. രാമായണയുടെ വിഎഫ്എക്‌സിനെയാണ് പ്രധാനമായും എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെടുന്നത്.
ഇതിലും ഭേദം ആദിപുരുഷ് ആയിരുന്നു എന്ന തരത്തിലാണ് കമന്റുകൾ. ആദിപുരുഷ് എന്ന ചിത്രവും മോശം വിഎഫ്എക്‌സിന്റെ പേരിലായിരുന്നു വിമർശിക്കപ്പെട്ടത്. ഓം റൗട്ട് ആയിരുന്നു ആദിപുരുഷ് സംവിധാനം ചെയ്തത്. ടീസറിലെ രൺബീറിന്റെ പ്രകടനവും ട്രോൾ ചെയ്യപ്പെടുന്നുണ്ട്.











