
തെന്നിന്ത്യൻ താരം സാമന്തയും പ്രശസ്ത സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായി. ഇന്ന് രാവിലെ കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
സംവിധായക ഇരട്ടകളായ രാജ് ആൻഡ് ഡി.കെ.യിലെ ഒരാളാണ് രാജ് നിദിമോരു. ‘ദി ഫാമിലി മാൻ’ ഉൾപ്പെടെയുള്ള ജനപ്രിയ സീരീസുകളിലൂടെയും സിനിമകളിലൂടെയും ഇദ്ദേഹം ശ്രദ്ധേയനാണ്. വിവാഹവുമായി ബന്ധപ്പെട്ട് അനൗദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, വിവാഹവേദിയിൽ നിന്നുള്ള ചിത്രങ്ങൾ സാമന്ത തന്നെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച്, 30 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
രാജ് നിദിമോരുവും സാമന്തയും പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ‘ഫാമിലി മാൻ 2’ സീരീസിൽ സാമന്ത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2024-ന്റെ തുടക്കം മുതൽ ഇരുവരും അടുപ്പത്തിലാണെന്ന വാർത്തകൾ പ്രചരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജിനൊപ്പമുള്ള ചിത്രങ്ങൾ സാമന്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. കഴിഞ്ഞ മാസം സാമന്ത പങ്കുവെച്ച രാജിനൊപ്പമുള്ള ഒരു ചിത്രവും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.
വിവാഹവാർത്ത പുറത്തുവരുന്നതിന് തൊട്ടുമുമ്പ് ഞായറാഴ്ച രാത്രി മുതൽ സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമായിരുന്നു. രാജിന്റെ മുൻ ഭാര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു സ്റ്റോറിയും ഇതോടൊപ്പം ചേർത്ത് വായിക്കപ്പെട്ടു. “തിടുക്കമുള്ള ആളുകൾ തിടുക്കത്തോടെ കാര്യങ്ങൾ ചെയ്യുന്നു” എന്നായിരുന്നു ആ സ്റ്റോറി.
സാമന്തയുടെയും രാജ് നിദിമോരുവിന്റെയും രണ്ടാം വിവാഹമാണ് ഇത്. രാജ് നിദിമോരു 2022-ലാണ് ആദ്യ വിവാഹബന്ധം വേർപെടുത്തിയത്. നടൻ നാഗ ചൈതന്യയുമായി 2017-ൽ വിവാഹിതയായ സാമന്ത 2021-ൽ വേർപിരിയുകയായിരുന്നു.
2023-ൽ വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പം അഭിനയിച്ച ‘ഖുഷി’യാണ് സാമന്ത നായികയായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ഈ വർഷം മേയിൽ പുറത്തിറങ്ങിയ തെലുങ്ക് ഹൊറർ കോമഡി ചിത്രം ‘ശുഭത്തിൽ’ സാമന്ത അതിഥി വേഷത്തിൽ എത്തിയിരുന്നു.











