
സീരിയൽ-സിനിമാ താരം സ്നേഹ ശ്രീകുമാറിനും ഒരു വളർത്ത് നായയുണ്ട്. ഓസ്കാർ എന്ന് പേരിട്ടിരിക്കുന്ന സ്നേഹ ശ്രീകുമാറിന്റെ വളർത്തു നായ ബീഗിൾ ബ്രീഡാണ്. സ്നേഹയുടെ സോഷ്യൽമീഡിയ പേജ് മുഴുവൻ നിറഞ്ഞ് നിൽക്കുന്നതും ഓസ്കാറാണ്.
നാല് വർഷമായി ഓസ്കാർ ഒപ്പമുണ്ടെങ്കിലും പ്രിയപ്പെട്ട പെറ്റ് ഡോഗിനെ കുറിച്ച് വിശദമായി എവിടെയും സ്നേഹ സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇത്രത്തോളം ആത്മബന്ധം സ്നേഹയും ഓസ്കാറും തമ്മിലുണ്ടെന്ന് താരത്തിന്റെ ആരാധകർക്കും അറിയില്ലായിരുന്നു.
ഇപ്പോഴിതാ മലയാളത്തിലെ ഒരു വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയപ്പെട്ട പെറ്റ് ഡോഗിനെ കുറിച്ച് സ്നേഹ ശ്രീകുമാർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. നായകളെ ഭയമുണ്ടായിരുന്ന വ്യക്തിയായിരുന്നു താനെന്നും എന്നാൽ ഓസ്കാർ വന്നതിന് ശേഷം അതെല്ലാം മാറിയെന്നും സ്നേഹ ശ്രീകുമാർ പറയുന്നു.

ഓസ്കാറിന് നാല് വയസായി. നാല് വർഷമായി തന്റെ അടുത്ത് വന്നിട്ട്. ഒരുപാട് പൂച്ചകൾ ഉള്ള ആളായിരുന്നു താൻ. മുമ്പ് തനിക്ക് ഡോഗ്സിനെ പേടിയായിരുന്നു എന്നും സ്നേഹ പറയുന്നു. നായ്ക്കളെ വളർത്തുന്ന വീട്ടിൽ പോലും താൻ പോകാറില്ലായിരുന്നു. ഓസ്കാറിന്റെ ബ്രീഡ് ബീഗിളാണ്.
ഒരു ദിവസം ശ്രീയാണ് ഇങ്ങനൊരു നായക്കുട്ടിയെ കൊണ്ടു വരുന്നുണ്ടെന്ന് പറഞ്ഞത്. പറ്റില്ല താൻ തന്റെ വീട്ടിൽ പോകുമെന്നാണ് അന്ന് മറുപടി കൊടുത്തത് എന്നും സ്നേഹ ഓർക്കുന്നു. കൊണ്ടു വരരുതെന്ന് പറഞ്ഞിട്ടും ശ്രീ നായയെ കൊണ്ടുവന്നു. ഒന്നും ചെയ്യേണ്ട ഫുഡ് മാത്രം കൊടുത്താൽ മതിയെന്നാണ് ശ്രീ തന്നോട് പറഞ്ഞത്. നായയെ വീട്ടിൽ കൊണ്ടുവന്നശേഷം ശ്രീ ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിനായി ഹൈദരാബാദിൽ പോയി.
പിന്നെയുള്ള ദിവസം താനും ഓസ്കാറും മാത്രമായിരുന്നു വീട്ടിൽ. അന്ന് മുതൽ ഇപ്പോൾ വരെ ഓസ്കാറിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് താനാണ് എന്നാണ് സ്നേഹ പറയുന്നത്. ഒരു ദിവസം ശ്രീ ഷൂട്ടിന് പോയപ്പോൾ താൻ ഓസ്കാറിനെയും കൊണ്ട് തന്റെ വീട്ടിൽ ചെന്നു. പക്ഷെ അവനെ വീട്ടിൽ കേറ്റാൻ അമ്മ സമ്മതിച്ചില്ല. മാത്രമല്ല അന്ന് രാത്രി തന്നേയും ഓസ്കാറിനേയും അമ്മ ഇറക്കി വിട്ടു. പക്ഷെ ഇപ്പോൾ തന്റെ വീട്ടിൽ എല്ലാവർക്കും ഓസ്കാറിനെ ഭയങ്കര ഇഷ്ടമാണ് എന്നും സ്നേഹ പറയുന്നു.
ബീഗിൾ ബ്രീഡിലുള്ള നായകൾ ഹൈപ്പറാണ്. പക്ഷെ ഓസ്കാർ താൻ എന്ത് പറഞ്ഞാലും കേൾക്കും. ഇന്നേവരെ വീട്ടിലെ ഒരു സാധനവും ഓസ്കർ നശിപ്പിച്ചിട്ടില്ല. താൻ ദേഷ്യപ്പെടുന്നതും അവനും സങ്കടമാണ്. തന്റെ മകനെ പുറത്ത് നിന്ന് വന്ന ആരെങ്കിലും എടുക്കാൻ അവൻ സമ്മതിക്കില്ല. കൊണ്ടു പോകുമോയെന്ന ടെൻഷനാണ് അവന്. എപ്പോഴും വാവയ്ക്ക് അവൻ കാവലുണ്ടാകും.

ഗർഭകാലത്ത് തന്നെ കെയർ ചെയ്തതും ഓസ്കാറാണ് എന്നും സ്നേഹ പറയുന്നു. താൻ ബാത്ത്റൂമിൽ പോയിട്ട് തിരികെ വരാൻ കുറച്ച് വൈകിയാൽ പോലും അവന് ടെൻഷനാണ് എന്നും ഓസ്കറിനെപ്പറ്റി സ്നേഹ പറയുന്നു. താൻ ഗർഭിണിയായതിന് ശേഷം അവൻ തന്റെ ദേഹത്ത് കേറാറില്ലായിരുന്നു. മടിയിലും ഇരിക്കാറില്ലായിരുന്നു. കുഞ്ഞിന്റെ അനക്കം അറിയാൻ അവൻ തല വയറിനോട് ചേർത്ത് വെക്കുമായിരുന്നു.
പത്ത് നാൽപ്പത് മലയാളം വാക്കുകൾ അവന് അറിയാം. നാല് വയസായെങ്കിലും കുട്ടികളുടെ മനസാണ് ഓസ്‌കാറിന് എന്നുംസ്നേഹ പറയുന്നു. മോനും ഓസ്കാറിനെ ഇഷ്ടമാണ്. ചേട്ടാ എന്നാണ് അവൻ ഓസ്‌കാറിനെ വിളിക്കുന്നതും എന്ന് സ്നേഹ പറയുന്നു. താനാണ് അങ്ങനെ വിളിക്കാൻ മോൻ കേദാറിനെ പഠിപ്പിച്ചത് എന്നും സ്നേഹ പറയുന്നു .
തന്റെ ഓൺലൈൻ സ്റ്റോറിന്റെ പേരും ഓസ്ക്കിയെന്നാണ് എന്നും സ്നേഹ ശ്രീകുമാർ പറയുന്നു. അവൻ തന്റെ മകൻ തന്നെയാണെന്നാണ് സ്നേഹ ശ്രീകുമാർ വളർത്തു നായയെ കുറിച്ച് വാചാലയായി പറഞ്ഞത്.
അതേസമയം കൂട്ടുകൂടാന്‍ വീട്ടിലൊരു അരുമ മൃഗമോ പക്ഷിയോ എത്തുമ്പോള്‍ വര്‍ഷങ്ങള്‍ നീളുന്ന സവിശേഷ ബന്ധത്തിനാണ് തുടക്കമാവുന്നത്. പുതിയ ചങ്ങാതി നന്നായാല്‍ ഉടമയുടെ ജീവിതം കൂടുതല്‍ അര്‍ത്ഥപൂര്‍ണമാകും. ചേര്‍ച്ചയില്ലാത്ത പങ്കാളിയെങ്കില്‍ ഇരുകൂട്ടരുടെയും ജീവിതം ദുരിതമാവുകയും ചെയ്യും. ഒട്ടുമിക്ക സെലിബ്രിറ്റികളും നല്ലയിനം വളർത്തുനായകൾ സ്വന്തമായുള്ളവരാണ്.











