ആഗോളതലത്തിൽ 65 കോടി ക്ലബ്ബിൽ ഇടംനേടി സൂരിയുടെ ‘മണ്ടാടി’; തിയേറ്ററുകളിൽ വൻ മുന്നേറ്റം

സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത ‘മണ്ടാടി’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 65 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ‘സെൽഫി’ക്ക് ശേഷം മതിമാരൻ സംവിധാനം ചെയ്ത ഈ ചിത്രം തമിഴ്‌നാട് തീരപ്രദേശത്തെ കടലോര പശ്ചാത്തലത്തിലുള്ള ആക്ഷൻ ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. കടലിലെ പോരാട്ടങ്ങളും 100 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശത്തെ സവിശേഷമായ സെയിലിംഗ് ബോട്ട് മത്സരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് ‘മണ്ടാടി’. സൂരിയെ വളരെ മാസ് ലുക്കിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാർ നിർമ്മിച്ച ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായിക. തെലുങ്ക് താരം സുഹാസ് വില്ലനായി എത്തുമ്പോൾ, സത്യരാജ്, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ തുടങ്ങിയവരും നിർണായക വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ജി.വി. പ്രകാശ് സംഗീതവും, എസ്.ആർ. കതിർ ഛായാഗ്രഹണവും, പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിർവഹിച്ച ഈ ചിത്രം തമിഴിലും തെലുങ്കിലുമായാണ് റിലീസ് ചെയ്തിരിക്കുന്നത്.