‘ഞാൻ വളരെ വികാരാധീനനാണ്, അതാണ്‌ എന്റെ…’; വിശ്വ വേദിയിൽ കണ്ണീരണിഞ്ഞ് സണ്ണി ഡിയോൾ

‘ഞാൻ വളരെ വികാരാധീനനാണ്, അതാണ്‌ എന്റെ…’; വിശ്വ വേദിയിൽ കണ്ണീരണിഞ്ഞ് സണ്ണി ഡിയോൾ

​’ഗദർ 2′ വിലൂടെ ​ഗംഭീര തിരിച്ചുവരവാണ് 2023ൽ സണ്ണി ഡിയോൾ സ്വന്തമാക്കിയത്. ധർമേന്ദ്രയുടെ മകൻ എന്ന മേൽവിലാസത്തിൽ അരങ്ങേറ്റം കുറിച്ച താരം 1980-90 കാലഘട്ടത്തിൽ ഹിന്ദി സിനിമയിലെ വിലയേറിയ താരമായി വളർന്നു. ബേതാബ്, പാപ് കി ദുനിയ, ത്രിദേവ്, ഖയാൽ, ദാമിനി, ഡർ, ജീത്, ഘട്ടക്, ബോർഡർ, ഗദർ എക് പ്രേം കഥ തുടങ്ങിയ ഒട്ടേറ ഹിറ്റുകളും പിറന്നു. എന്നാൽ, 2000-ന് ശേഷം തുടർ പരാജയങ്ങളിൽ സണ്ണി തളർന്ന് പോവുകയായിരുന്നു.

എന്നാൽ, ​’ഗദർ 2′ വിലൂടെ താരം വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. . 60 കോടി മുതൽമുടക്കിലൊരുങ്ങിയ ചിത്രം 692 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കഴിഞ്ഞ ദിവസം ഒരു ചർച്ചയിൽ സണ്ണി ഡിയോൾ കണ്ണീരണിഞ്ഞു. അനിൽ ശർമ്മ, രാജ്കുമാർ സന്തോഷി എന്നിവർക്കൊപ്പമാണ് താരം ചടങ്ങിൽ പങ്കെടുത്തത്. പരിപാടിക്കിടെ, സണ്ണി ഡിയോൾ ഗദർ 2-ന്റെ വിജയത്തെക്കുറിച്ചും താരാ സിങ് എന്ന കഥാപാത്രത്തെക്കുറിച്ചും മനസ് തുറന്നു. നിർമ്മാതാവ് രാജ്കുമാർ സന്തോഷി അദ്ദേഹത്തെ പ്രശംസിച്ചതിന് തൊട്ടുപിന്നാലെയാണ് സണ്ണി കണ്ണീരണിഞ്ഞത്.

“സിനിമാ വ്യവസായം സണ്ണിയുടെ കഴിവിനോട് നീതി പുലർത്തിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ ദൈവം നീതി പുലർത്തി,” രാജ്കുമാർ സന്തോഷി ഇത് പറഞ്ഞപ്പോൾ സണ്ണി ഡിയോൾ മറുപടി ഹൃദയത്തിൽ നിന്നുള്ളതായിരുന്നു. ‘ഞാൻ വളരെ വികാരാധീനനാണ്, അതാണ്‌ എന്റെ പ്രശ്നം’ അദ്ദേഹം കണ്ണുനീർ തുടച്ചു. ഗദറിലെ താരാ സിങ് എന്ന തന്റെ കഥാപാത്രത്തെക്കുറിച്ച് സണ്ണി ഡിയോൾ സംസാരിച്ചു. എല്ലാവരും താരാ സിങ്ങിനെ പോലെയാകാൻ ആഗ്രഹിക്കുന്നു.​ ഗദർ 2 ഇത്ര വല്യ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സണ്ണി ഡിയോൾ പറഞ്ഞു.