അഹമ്മദ് കബീർ – കാളിദാസ് ജയറാം ചിത്രം ‘മെനി മെനി ഹാപ്പി റിട്ടേൺസ്’ ടീസർ പുറത്തിറങ്ങി

‘ജൂൺ’, ‘മധുരം’, ‘കേരള ക്രൈം ഫയൽസ്’ എന്നീ ശ്രദ്ധേയ സൃഷ്ടികൾക്ക് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മെനി മെനി ഹാപ്പി റിട്ടേൺസ്’ന്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. കാളിദാസ് ജയറാം നായകനാകുന്ന ഒരു റൊമാന്റിക് കോമഡി ചിത്രമാണിത്. പുതുമുഖമായ ലക്ഷ്മി ജ്യോതിഷാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കാളിദാസിന്റെ അച്ഛനായി നടൻ ലാലും ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്.

മങ്കി ബിസിനസിന്റെ ബാനറിൽ ഹസ്സൻ റഷീദും അഹമ്മദ് കബീറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അഹമ്മദ് കബീറും ജോബിൻ ജോൺ വർഗീസും ചേർന്നാണ്. റേഡിയോ ജോക്കിയും അവതാരകനുമായ ആർ.ജെ. മാത്തുക്കുട്ടിയാണ് ചിത്രത്തിന്റെ കോ-റൈറ്റർ.

’96’, ‘മെയ്യഴകൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. മികച്ച എഡിറ്റിംഗിനുള്ള ദേശീയ പുരസ്കാരം നേടിയ മഹേഷ് ഭുവനേന്ദ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത് എന്നത് സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. അഹമ്മദ് കബീറിന്റെ മുൻചിത്രങ്ങളുടെ ദൃശ്യഭംഗി ഒരുക്കിയ ജിതിൻ സ്റ്റാനിസ്ലാവസ് തന്നെയാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്.