വിമാനയാത്രക്കിടെ മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി മലയാളത്തിലെ യുവ നടി. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഇന്നലെ എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. സഹയാത്രികനെതിരെ ഇവർ പോലീസിൽ പരാതിയും നൽകി. മദ്യലഹരിയിലാണ് ഇയാൾ മോശമായി പെരുമാറിയതെന്നും എന്നാൽ സംഭവത്തിൽ വിമാനത്തിലെ കാബിൻ ക്രൂ അംഗങ്ങളോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നടി ആരോപിച്ചു. പോലീസിൽ പരാതി നൽകിയത് ഉൾപ്പെടെ തനിക്ക് ഉണ്ടായ മോശം അനുഭവം അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.ആരോപണവിധേയനായ സഹയാത്രികനും താനും തമ്മിൽ ഒരു സീറ്റിന്റെ വ്യത്യാസത്തിലായിരുന്നു ഇരുന്നത്. പിന്നീട് അയാൾ തന്റെ തൊട്ടടുത്ത സീറ്റിൽ വന്നിരിക്കുകയായിരുന്നു. സംസാരിക്കുകയെന്ന വ്യാജേന ശരീരത്തിൽ സ്പർശിച്ചുവെന്ന് നടി ആരോപിച്ചു. ഇക്കാര്യം വിമാന ജീവനക്കാരെ അറിയിച്ചപ്പോൾ തന്നെ സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് ചെയ്തത്.വിമാനം ഇറങ്ങിയപ്പോൾ എയർപോർട്ട് സ്റ്റാഫ് പോലീസിൽ പരാതി നൽകാനും ആവശ്യപ്പെട്ടുവെന്ന് നടി പറയുന്നു. തുടർന്ന് കൊച്ചിയിൽ ഇറങ്ങിയ ശേഷമാണ് താൻ പരാതി നൽകിയതെന്ന് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ നടി വിശദീകരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നടിയുടെ കുറിപ്പ് വായിക്കാം- ‘ഒക്ടോബർ പത്തിന് വൈകിട്ട് 5.20ന് മുംബൈയിൽ നിന്നും പുറപ്പെട്ട് രാത്രി 7.25ന് കൊച്ചിയിൽ എത്തിച്ചേരുന്ന AI 681 എന്ന വിമാനത്തിൽ വെച്ച് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. വിമാനം പുറപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് സംഭവം.സഹയാത്രികൻ ആദ്യം 12സി എന്ന സീറ്റിലായിരുന്നു ഇരുന്നിരുന്നത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. പിന്നാലെ എന്റെ അടുത്തുള്ള 12ബി എന്ന സൂറ്റിലേക്ക് ഇരുന്നു. തുടർന്ന് യാതൊരു ലോജിക്കുമില്ലാത്ത സംസാരത്തിലേക്ക് കടന്നു. സീറ്റിനെ കുറിച്ചായിരുന്നു സംസാരം. തുടർന്ന് മോശമായി പെരുമാറുകയും ശരീരത്തിൽ അപമര്യാദയായി സ്പർശിക്കുകയും ചെയ്തു. എയർഹോസ്റ്റസിനോട് സംസാരിച്ചപ്പോൾ എന്നെ മൂന്നാല് സീറ്റ് മുന്നിലേക്ക് മാറ്റിയിരുത്തുക മാത്രമാണ് അവർ ചെയ്തത്. നിർഭാഗ്യവശാൽ അയാൾക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. വിമാനം ഇറങ്ങിയപ്പോൾ എയർ ഇന്ത്യയുടെ എയർപോർട്ട് സ്റ്റാഫിനോട് ഞാൻ കാര്യം അറിയിച്ചു. അവർ എന്നോട് പോലീസിനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടു. പോലീസിന് പരാതി നൽകാനുള്ള ഇമെയിൽ വിലാസവും നൽകി’, നടി പറഞ്ഞു. സംഭവത്തിൽ ഉചിതമായ നടപിട വേണമെന്നും വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ദിവ്യ പ്രഭ ആവശ്യപ്പെട്ടു. നടിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം വ്യക്തമാക്കാമെന്ന് പോലീസ് അറിയിച്ചു.
മുൻപ് വിമാനയാത്രയ്ക്കിടെ ആകാശത്ത് വിചിത്രമായ ഒരു കാഴ്ച കണ്ടതായി പറഞ്ഞ് നടി ദിവ്യപ്രഭ രംഗത്തുവന്നിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ഇത് അറിയിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. മുംബയിൽ നിന്ന് കൊച്ചിലേയ്ക്ക് വരുമ്പോഴാണ് ദിവ്യപ്രഭ ഈ കാഴ്ച കണ്ടതെന്നാണ് പറഞ്ഞിരുന്നത്. നിമിഷനേരം കൊണ്ട് ഈ കാഴ്ച അപ്രത്യക്ഷമായെന്നും അതൊരു പറക്കും തളികയാണോയെന്നും താരം പോസ്റ്റിലൂടെ ചോദിച്ചിരുന്നു. നടി പങ്കുവെച്ച ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയിൽ അന്ന് വൈറലായിരുന്നു. 2013 ൽ പുറത്ത് ഇറങ്ങിയ ലോക്ക്പാൽ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പ്രഭ വെള്ളിത്തിരയിൽ എത്തുന്നത്. മലയാളത്തിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് ദിവ്യ പ്രഭ. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്ത വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ട് താരം. അറിയിപ്പ് ആണ് ദിവ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ നായിക ആയിരുന്നു ദിവ്യ. നേരത്തെ മഹേഷ് നാരായണന്റെ തന്നെ ടേക്ക് ഓഫ്, മാലിക് എന്നീ സിനിമകളിലും ശ്രദ്ധേയ വേഷങ്ങളിൽ ദിവ്യ പ്രഭ എത്തിയിരുന്നു. തമാശയാണ് ദിവ്യയുടെ ശ്രദ്ധനേടിയ മറ്റൊരു ചിത്രം. സീരിയലിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്.











