
നയൻതാരയെ കേന്ദ്രകഥാപാത്രമാക്കി സുന്ദർ സി സംവിധാനം ചെയ്യുന്ന ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ നവംബർ 6ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കുടുംബപ്രേക്ഷകർക്ക് ദൃശ്യവിരുന്നൊരുക്കാനാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ നയൻതാരയ്ക്കൊപ്പം രണ്ട് സർപ്രൈസ് താരങ്ങൾ കൂടി ഉണ്ടാകുമെന്ന വെളിപ്പെടുത്തലും ഇതിനോടകം ആരാധകർക്കിടയിൽ ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്. വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷാണ് ചിത്രം നിർമിക്കുന്നത്. കേരളത്തിൽ ഭാവന റിലീസ് ചിത്രം വിതരണം ചെയ്യും.
ചിത്രത്തിന്റെ പ്രീ-റിലീസ് ആഘോഷം കഴിഞ്ഞ ദിവസം ചെന്നൈയിൽ പ്രൗഢഗംഭീരമായി നടന്നു. ചടങ്ങിൽ സംസാരിച്ച സംവിധായകൻ സുന്ദർ സി ചിത്രത്തിന്റെ സാങ്കേതിക മികവിനെക്കുറിച്ചും കഥയുടെ പ്രത്യേകതകളെക്കുറിച്ചും വിശദീകരിച്ചു. ഏകദേശം 400 പേരടങ്ങുന്ന സംഘം ഒന്നര വർഷത്തോളം രാവും പകലും അധ്വാനിച്ചാണ് ചിത്രത്തിന്റെ CGI ജോലികൾ പൂർത്തിയാക്കിയത്. മൂവായിരത്തിലധികം ഷോട്ടുകളിൽ CGI ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ വെറും 15 ഷോട്ടുകളിൽ മാത്രമാണ് AI സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യഭാഗവും രണ്ടാം ഭാഗവും തമ്മിൽ ചിത്രത്തിന്റെ പേര്, നിർമാതാവ് ഇഷാരി ഗണേഷ്, നയൻതാര, ഉർവശി എന്നീ നാല് ഘടകങ്ങൾ മാത്രമാണ് പൊതുവായുള്ളതെന്നും രണ്ടാം ഭാഗത്തിന്റെ കഥ തികച്ചും വ്യത്യസ്തമാണെന്നും സുന്ദർ സി കൂട്ടിച്ചേർത്തു.
ചടങ്ങിൽ സംഗീത സംവിധായകൻ ഹിപ്പ് ഹോപ്പ് തമിഴാ ആദിയും ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചു. സിനിമയിൽ രണ്ട് സർപ്രൈസ് താരങ്ങൾ ഉണ്ടെന്നും അവരുടെ സാന്നിധ്യം പ്രേക്ഷകർക്ക് ചിത്രം കാണുമ്പോൾ തന്നെ തിരിച്ചറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 20 മിനിറ്റ് ദൈർഘ്യമുള്ള ക്ലൈമാക്സിന് സംഗീതം ഒരുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സുന്ദർ സി ചിത്രങ്ങളിൽ ഗാനങ്ങൾക്ക് പൊതുവേ വലിയ പ്രാധാന്യമുണ്ടെങ്കിലും ഈ സിനിമയിൽ ഒരു ഗാനം മാത്രമാണ് നേരിട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റ് ഗാനങ്ങൾ മോണ്ടേജ് ട്രാക്കുകളായാണ് അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ താരങ്ങളായ ഉർവശിയും ഖുശ്ബുവും സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് പങ്കുവെച്ചത്. അതിശയിപ്പിക്കുന്ന VFX, CGI ദൃശ്യങ്ങൾക്കൊപ്പം കുടുംബവികാരങ്ങളും നർമ്മവും വിനോദവും നിറഞ്ഞ ചിത്രമായിരിക്കും ഇതെന്ന് ഉർവശി പറഞ്ഞു. റെജീന അവതരിപ്പിക്കുന്ന കഥാപാത്രം പ്രേക്ഷകർക്ക് വലിയൊരു സർപ്രൈസ് ആയിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സുന്ദർ സി ഒരുക്കിയ മികച്ചൊരു ഫാമിലി എന്റർടെയ്നറാണ് ചിത്രമെന്ന് ഖുശ്ബു വിശേഷിപ്പിച്ചു. ഹിപ്പ് ഹോപ്പ് തമിഴാ ആദിയുടെ സംഗീതവും താരങ്ങളുടെ പ്രകടനവും ചിത്രത്തിന് കരുത്താകുമെന്നും അവർ പറഞ്ഞു. മൂക്കുത്തി അമ്മൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തന്നെ ജനിച്ച താരമാണ് നയൻതാരയെന്നും കഥാപാത്രത്തോടുള്ള അവരുടെ സമർപ്പണവും പ്രൊഫഷണലിസവും ദൈവികമായ പ്രഭാവവും മറ്റാർക്കും അനുകരിക്കാനാവാത്തതാണെന്നും ഖുശ്ബു അഭിപ്രായപ്പെട്ടു.
ദൃശ്യവിസ്മയവും നർമ്മവും കുടുംബവികാരങ്ങളും കോർത്തിണക്കിയ ഒരു സമ്പൂർണ വിനോദചിത്രമായിരിക്കും ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. സിനിമയിൽ ലോജിക്കിനേക്കാൾ മാജിക്കിന് പ്രാധാന്യം നൽകുന്ന സുന്ദർ സിയുടെ പതിവ് ശൈലിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആഗോള റിലീസിനായി ആരാധകർ കാത്തിരിക്കുകയാണ്. നവംബർ 6ന് ചിത്രം തിയേറ്ററുകളിലെത്തും.












