മോഹൻലാലിനൊപ്പം വമ്പൻ ചിത്രത്തിൽ അവസരം സ്വന്തമാക്കി ‘വാഴ 2’ താരം അജിൻ ജോയ്

സോഷ്യൽ മീഡിയയിലൂടെ എത്തി മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം അജിൻ ജോയ് സാക്ഷാൽ മോഹൻലാലിനൊപ്പം അഭിനയിക്കുന്നു. ‘വാഴ 2’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ അജിൻ, വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഓപ്പറേഷൻ ഗംഗ’യിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. “അടുത്തൊരു യാത്ര കൂടി… കൂടെ കാണണം” എന്ന് കുറിച്ചുകൊണ്ട് താരം തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം മോഹൻലാലിന്റെ കരിയറിലെ 367-ാമത്തെ സിനിമയാണ്. ഉക്രൈൻ–റഷ്യ യുദ്ധ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് സിനിമയുടെ പ്രമേയം. അർജുൻ റാംപാൽ, ആദിൽ ഹുസൈൻ, ഭാഗ്യശ്രീ ബോഴ്സെ, പാർത്ഥിപൻ തുടങ്ങിയ വൻതാരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പോളണ്ട്, ജോർജിയ, കസാക്കിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ഷൂട്ടിംഗാണ് ചിത്രത്തിനായി പ്ലാൻ ചെയ്തിരിക്കുന്നത്. ‘പുഷ്പ 1, 2’ സിനിമകളുടെ ക്യാമറമാൻ മിറോസ്ലാവ് കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.