മൂർച്ചയേറിയ വരികളുമായി വേടൻ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ തീം സോങ് ശ്രദ്ധ നേടുന്നു

പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രം ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിനായി വേടൻ ആലപിച്ച തീം സോങ് ‘പുരട്ച്ചി’ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. മൂർച്ചയേറിയ വരികളും വ്യത്യസ്തമായ ഈണവും ചേർന്ന റാപ് ഗാനം സോഷ്യൽ മീഡിയയിലും തരംഗമാകുകയാണ്.

ഗാനത്തിന്റെ വരികൾ എഴുതിയതും ആലപിച്ചതും വേടൻ തന്നെയാണ്. മുജീബ് മജീദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഭാവന സ്റ്റുഡിയോസാണ് ‘പുരട്ച്ചി’ പുറത്തിറക്കിയത്. തങ്ങളുടേതല്ലാത്ത ഒരു പ്രൊഡക്ഷന്റെ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് ഭാവന സ്റ്റുഡിയോസ് സ്വന്തമാക്കുന്നത് ഇതാദ്യമായാണ്. ഇതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളും വർധിച്ചിരിക്കുകയാണ്.

സെപ്റ്റംബർ 11നാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ തിയേറ്ററുകളിലെത്തുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ജോണറിൽ ഒരുങ്ങുന്ന ചിത്രം 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമ്മിക്കുന്നത്. ഷഹദാണ് സംവിധാനം. ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.

മലയാള സിനിമാ നിർമാണ രംഗത്തേക്ക് പുതിയതായി എത്തുന്ന ബാനറിന്റെ ബിഗ് ബജറ്റ് ചിത്രമെന്ന പ്രത്യേകതയും ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ക്കുണ്ട്. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന് ശേഷം പാർവതി തിരുവോത്തും ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന് ശേഷം വിജയരാഘവനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. സിനിമാഭിനയ ജീവിതത്തിൽ 20 വർഷം പിന്നിടുന്ന പാർവതിയുടെ ആദ്യ പോലീസ് കഥാപാത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പാർത്ഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങി ശ്രദ്ധേയമായ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. വ്യത്യസ്തമായ പ്രമേയവും ശക്തമായ താരനിരയും വേടന്റെ ശ്രദ്ധേയമായ തീം സോങും ചേരുമ്പോൾ, ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ തിയേറ്ററിൽ എങ്ങനെയുള്ള അനുഭവമാകും സമ്മാനിക്കുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.