
വിജയ് ദേവരകൊണ്ടയെ നായകനാക്കി രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന പീരിയഡ് ആക്ഷൻ ഡ്രാമ ‘രണബാലി’യുടെ റിലീസ് മാറ്റി. സെപ്റ്റംബർ 11ന് തിയറ്ററുകളിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രം ഇനി ഒക്ടോബർ 16ന് പ്രേക്ഷകരിലേക്കെത്തും.
രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. വിവാഹത്തിന് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘രണബാലി’ക്കുണ്ട്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം പാൻ-ഇന്ത്യൻ റിലീസായാണ് എത്തുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നടന്ന യഥാർഥ ചരിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ‘രണബാലി’ എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്നതും ചരിത്രപുസ്തകങ്ങളിൽ വേണ്ടത്ര രേഖപ്പെടുത്തപ്പെടാതിരുന്നതുമായ ക്രൂരതകളും വംശഹത്യകളും സാമ്പത്തിക ചൂഷണവുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ ഗ്ലിംപ്‌സിൽ ഇന്ത്യ നേരിട്ട ഭീകരമായ വംശഹത്യകളെയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സാമ്പത്തിക ചൂഷണത്തെയും കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. സർ റിച്ചാർഡ് ടെമ്പിളിനെപ്പോലുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ നയങ്ങൾ ഇന്ത്യയിലെ വരൾച്ചയിലും ദുരിതങ്ങളിലും എങ്ങനെ സ്വാധീനം ചെലുത്തിയെന്നതും ചിത്രത്തിൽ ചർച്ച ചെയ്യുന്നുവെന്നാണ് സൂചന.
‘രണബാലി’ എന്ന പോരാളിയുടെ വേഷത്തിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. രശ്മിക മന്ദാന ‘ജയമ്മ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇരുവരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയബന്ധം കേന്ദ്രീകരിച്ചുള്ള സർപ്രൈസ് വീഡിയോ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ഗ്ലിംപ്‌സ്, വെഡ്ഡിങ് പോസ്റ്റർ എന്നിവയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
ഹോളിവുഡ് നടൻ അർനോൾഡ് വോസ്ലൂ ആണ് ചിത്രത്തിലെ പ്രധാന വില്ലൻ. ‘ദി മമ്മി’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വോസ്ലൂ, സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് ‘രണബാലി’യിൽ എത്തുന്നത്.
ഇത് ഒരു ബയോപിക് അല്ലെന്നും മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളും വാമൊഴിയായി കൈമാറപ്പെട്ട കഥകളും അടിസ്ഥാനമാക്കിയുള്ള സിനിമാറ്റിക് പുനരാവിഷ്കാരമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി-സീരീസ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. വമ്പൻ താരനിരയും വലിയ ബജറ്റും ചരിത്ര പശ്ചാത്തലവും ചേരുന്ന ‘രണബാലി’ ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയമായ പാൻ-ഇന്ത്യൻ പ്രോജക്റ്റുകളിൽ ഒന്നാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.












