ഒടുവിൽ ഉണ്ണിക്കണ്ണൻ ആ ആഗ്രഹം സാധിച്ചു! വിജയ് കണ്ടുവെന്ന് ഉണ്ണിക്കണ്ണൻ

വിജയ് ആരാധകന്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ മലയാളിയായ ഉണ്ണിക്കണ്ണന്‍ ഒടുവില്‍ ആ ആഗ്രഹം സാധിച്ചു. നടന്റെ പുതിയ ചിത്രം ‘ജന നായക’ന്‍റെ ലൊക്കേഷനിലെത്തിയാണ് നടനെ കണ്ടത്, വിജയ്യെ നേരില്‍ കാണാനും സംസാരിക്കാനും സാധിച്ചുവെന്ന് ഉണ്ണിക്കണ്ണന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. വിജയ് യെ  നേരില്‍ കാണണമെന്ന ആഗ്രഹവുമായി കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി നടക്കുന്നുവെന്നാണ് ഇയാള്‍ അവകാശപ്പെട്ടിട്ടുള്ളത്. ജനുവരി 1 ന് രാവിലെ കാല്‍നടയായി ആരംഭിച്ച യാത്രയാണ് ചെന്നൈയിലെ ജന നായകന്‍റെ ലൊക്കേഷനില്‍ എത്തിയത്.

വിജയ് സാറിനെ കണ്ടു. ലൊക്കേഷനില്‍ ആണ്. കോസ്റ്റ്യൂമില്‍ ആയതുകൊണ്ട് ഫോണ്‍ കൊണ്ടുപോകാന്‍ പറ്റിയില്ല. അതിനാല്‍ ഫോട്ടോയും വീഡിയോയും ഒന്നും എടുക്കാന്‍ പറ്റിയില്ല. അവര്‍ വീഡിയോ എടുത്തിട്ടുണ്ട്. ഫോട്ടോയും ഉണ്ട്. സെറ്റില്‍ നിന്ന് തോളില്‍ കൈ ഇട്ടാണ് വിജയ് അണ്ണന്‍ എന്നെ കാരവാനിലേക്ക് കൊണ്ടുപോയത്. അവിടെയിരുന്ന് ഒരു പത്ത് മിനിറ്റോളം സംസാരിച്ചു. എന്താണ് ഇങ്ങനെ വന്നത് എന്ന് ചോദിച്ചു.

കുറേ പ്രാവശ്യം ശ്രമിച്ചു അണ്ണാ എന്നൊക്കെ പറഞ്ഞു. അണ്ണന്‍ കുറേ നേരം എന്നോട് സംസാരിച്ചു. ഞാന്‍ ഇന്ന് ഭയങ്കര ഹാപ്പിയാണ്. ഫോട്ടോയും വീഡിയോയും അവര്‍ അയച്ചുതരും,  ഉണ്ണിക്കണ്ണന്‍ പറയുന്നു. നടന്റെ അവസാന ചിത്രം എന്ന് കരുതപ്പെടുന്ന ജന നായകനില്‍ അഭിനയിക്കാനുള്ള ആഗ്രഹം താൻ  അദ്ദേഹത്തോട് പങ്കുവച്ചു ,  ഡയലോഗ് ഒന്നും വേണ്ടെന്നും ചിത്രത്തില്‍ ഒന്ന് വന്നാല്‍ മതിയെന്നും താന്‍ ആഗ്രഹം അറിയിച്ചു , അദ്ദേഹം  പരിഗണിക്കാമെന്ന് പറഞ്ഞിട്ടുണ്ട് , ഉണ്ണിക്കണ്ണന്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു.