
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിച്ച ‘തുടക്കം’ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജിയോ ഹോട്സ്റ്റാറിലൂടെ സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. തിയേറ്ററുകളിൽ വിജയകരമായി അഞ്ചാം വാരത്തിലേക്ക് കടന്ന ചിത്രം ഇതിനകം 50 കോടി രൂപയുടെ ഗ്രോസ് കളക്ഷനും സ്വന്തമാക്കിയിട്ടുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ അദ്ദേഹത്തിന്റെ മകൻ ആശിഷ് ജോ ആന്റണിയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു കൊച്ചു കുടുംബ ചിത്രമാണെന്നാണ് ലോഞ്ചിംഗ് വേളയിൽ അണിയറപ്രവർത്തകർ പറഞ്ഞിരുന്നതെങ്കിലും, മോഹൻലാലിന്റെ കൗതുകമുണർത്തുന്ന അതിഥി വേഷം തിയേറ്ററുകളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് ആയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ്. ജേക്സ് ബിജോയ് സംഗീതവും ജോമോൻ ടി ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസാണ്.












