അഭിമുഖങ്ങളിൽ നിന്ന് വിനായകൻ അകന്നു നിൽക്കുന്നത് എന്തുകൊണ്ട്? തുറന്നു പറഞ്ഞ് താരം

ഡാൻസിലൂടെ സിനിമയിലെത്തി ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധേയനായ നടനാണ് വിനായകൻ. മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന ‘കളങ്കാവൽ’ എന്ന ചിത്രമാണ് വിനായകന്റേതായി ഉടൻ റിലീസിനൊരുങ്ങുന്നത്. ചിത്രത്തിൽ ഒരു പൊലീസ് വേഷത്തിലാണ് വിനായകൻ എത്തുന്നത്. സിനിമയിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിനായകനാണെന്നും സൂചനകളുണ്ട്. ഡിസംബർ 5-ന് റിലീസ് ചെയ്യുന്ന ചിത്രത്തിലൂടെ താരം പ്രേക്ഷകർക്കായി ഒരുക്കിവെച്ചിരിക്കുന്നത് എന്ത് സർപ്രൈസാണെന്ന് കാത്തിരുന്ന് കാണാം.

സിനിമകളിൽ അഭിനയിച്ചതിന് ശേഷം പൊതുവേദികളിലോ അഭിമുഖങ്ങളിലോ വിനായകനെ അധികം കാണാറില്ല. എന്തുകൊണ്ടാണ് താരം ഇങ്ങനെ ഒഴിഞ്ഞുനിൽക്കുന്നതെന്ന ചോദ്യത്തിന്, ‘കളങ്കാവൽ’ സിനിമയുടെ പ്രൊമോഷൻ അഭിമുഖത്തിനിടെ വിനായകൻ ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ്.

ജുവൽ മേരിയുമായുള്ള അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. “സിനിമ, സിനിമയുടെ ബിസിനസ്സ്… അതാണ് ഞാൻ പ്രധാനമായും ശ്രദ്ധിക്കുന്നത്. പൊതുജനങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ എനിക്കറിയില്ല. അതിന്റേതായ പല ബുദ്ധിമുട്ടുകളുമുണ്ട്,” വിനായകൻ പറഞ്ഞു.

പൊതുവേദികളിൽ എത്താൻ താൽപ്പര്യമില്ലാത്തതുകൊണ്ടല്ല, മറിച്ച് അതിന് കഴിയാത്തതുകൊണ്ടാണ് താൻ വിട്ടുനിൽക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. “പത്ത് പേരുള്ള കൂട്ടത്തിൽ രണ്ട് പേരെങ്കിലും എന്നെ ചൊറിയാൻ ശ്രമിക്കും. എന്റെ സ്വഭാവം വെച്ച് ഞാൻ എന്തെങ്കിലും മറുപടി പറയും, അത് പിന്നീട് വലിയ പ്രശ്നങ്ങളാകും. അതിലും നല്ലത് വീടിനുള്ളിൽ ഇരിക്കുന്നതാണ്,” വിനായകൻ നിലപാട് വ്യക്തമാക്കി.

കൂട്ടം കൂടുന്നതും ആൾക്കൂട്ടത്തെ കാണുന്നതും തനിക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ല. “ശരിക്കും അതൊരു പരിമിതിയാണ്. ഞാനായിട്ട് പുറത്തിറങ്ങുമ്പോൾ പല പ്രശ്നങ്ങളുമുണ്ടാകുന്നുണ്ട്. അതാണ് സത്യം. അല്ലാതെ നാട്ടുകാരെ ഒഴിവാക്കി ഓടുന്നതല്ല. ഇത് എന്റെ കഴിവുകേടാണ്, അല്ലാതെ ആരോടും എനിക്ക് ദേഷ്യമില്ല,” എന്നും താരം തുറന്നു സമ്മതിച്ചു.