ഇന്ദ്രൻസിന് പത്താംക്ലാസിൽ ചേരാനാകില്ല; സാക്ഷരതമിഷന്റെ ആദ്യ കടമ്പ കടക്കണം

നടൻ ഇന്ദ്രൻസ് പത്താംതരാം തുല്യത ക്‌ളാസിനു ചേരുന്ന വിവരം വലിയ വാർത്തയായിരുന്നു.  അടുത്തിടെയായിരുന്നു താൻ പ്രാഥമിക വിദ്യാഭ്യാസം തുടരാൻ തീരുമാനിച്ച കാര്യം നടൻ ഇന്ദ്രൻസ് പങ്കുവെച്ചത്. എന്നാൽ ആ മോഹത്തിന് വിലങ്ങു തടിയായിരിക്കുകയാണ് സാക്ഷരതാ…

നടൻ ഇന്ദ്രൻസ് പത്താംതരാം തുല്യത ക്‌ളാസിനു ചേരുന്ന വിവരം വലിയ വാർത്തയായിരുന്നു.  അടുത്തിടെയായിരുന്നു താൻ പ്രാഥമിക വിദ്യാഭ്യാസം തുടരാൻ തീരുമാനിച്ച കാര്യം നടൻ ഇന്ദ്രൻസ് പങ്കുവെച്ചത്. എന്നാൽ ആ മോഹത്തിന് വിലങ്ങു തടിയായിരിക്കുകയാണ് സാക്ഷരതാ മിഷന്റെ ചില നിബന്ധനകൾ. ഏ ഴാം ക്ലാസ് വിജയിച്ചതിന്റെ രേഖ കിട്ടിയാൽ മാത്രമേ നടൻ ഇന്ദ്രൻസിന് സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ  പരീക്ഷയിൽ നേരിട്ട് പങ്കെടുക്കാൻ പറ്റൂ. അത് കൊണ്ട് തന്നെ പത്താം ക്ലാസ് പാസാകുകയെന്ന ഇന്ദ്രൻസിന്റെ  മോഹം അൽപം വൈകിയേക്കും. 7 വരെ സ്കൂളിൽ പോയെങ്കിലും ഇന്ദ്രൻസിന്റെ പക്കൽ നാലാം ക്ലാസ് വിജയിച്ചതിന്റെ രേഖകൾ മാത്രമേയുള്ളൂ. അതിനാലാണ് നടൻ യോഗ്യതയായി നാലാം ക്ലാസ് എന്നു പറഞ്ഞിരുന്നത്. ഏഴിൽ ഇന്ദ്രൻ‍സിനൊപ്പം പഠിച്ച ഒട്ടേറെ  സഹപാഠികളെയും സാക്ഷരതാ മിഷൻ കണ്ടെത്തിയിട്ടുണ്ട്.

ഏഴാം ക്ലാസിലെ പരീക്ഷയുടെ രേഖകൾ തേടി സാക്ഷരതാ മിഷൻ ഇന്ദ്രൻസ് പഠിച്ച കുമാരപുരം ഗവ.മെഡിക്കൽ കോളജ് ഹയർ സെക്കൻഡറി സ്കൂളിനു കത്തെഴുതി. രേഖകൾ കണ്ടെടുക്കാനായില്ലെങ്കിൽ ഇന്ദ്രൻസ് ആദ്യം ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ പങ്കെടുക്കും. തുടർന്ന് പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതും. ഇതിനാകെ വേണ്ടി വരുന്നത് ഒന്നര വർഷം. ഇത്രയും കാലം ക്ലാസിലിരിക്കാനും പഠിക്കാനും തയാറാണെന്ന് ഇന്ദ്രൻസ് സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി.ഒലീനയെ അറിയിച്ചു.  ചെറിയ ക്ലാസിൽ  പഠനം അവസാനിപ്പിച്ച താൻ പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേരാൻ തീരുമാനിച്ചുവെന്നായിരുന്നു താരം അറിയിച്ചത്. എന്നാൽ  കാരണം നാലാം ക്ലാസ് പാസായ രേഖകളുള്ള  ഇന്ദ്രൻസിന് സാക്ഷരതാ മിഷന്റെ ബൈലോ പ്രകാരം ഏഴാം ക്ലാസിലേക്ക് മാത്രമേ പ്രവേശനം അനുവദിക്കാനാകൂ എന്നാണ് ഇപ്പോൾ അധികൃതർ അറിയിച്ചിരിക്കുന്നത്. എട്ട് മാസമാണ് ഏഴാം ക്ലാസ് തുല്യത പഠനത്തിന്റെ കാലയളവ്. ജനവരി ആദ്യ ആഴ്ചയിലായിരിക്കും ക്ലാസ് തുടങ്ങിയേക്കുക.അതേസമയം സാക്ഷരതാ മിഷന്റെ തുല്യതാ പഠന കോഴ്സിന്റെ പ്രവേശനോത്സവം വെട്ടുകാട് സെന്റ് മേരീസ് സ്കൂളിൽ നടന്നു. പ്ലസ് വൺ ക്ലാസിലേക്കുള്ള 38 വിദ്യാർത്ഥികളാണ് പ്ലസ് വൺ ക്ലാസിലേക്ക് എത്തിയത്. അടുത്താഴ്ചയാണ് കുമാരപുരത്തെ മെഡിക്കൽ കോളേജ് സ്കൂളിലെ പ്രവേശനോത്സവം. ക്ലാസുകൾ ഇന്നലെ ആരംഭിച്ചു.

പത്താം ക്ലാസിൽ 48 വിദ്യാർത്ഥികളും പ്ലസ് വണ്ണിന് 60 വിദ്യാർത്ഥികളുമാണ് ചേർന്നത്.പഠിതാക്കളിൽ കൂടുതൽ പേരും സ്ത്രീകളാണ്. സാക്ഷരതാ മിഷന്റെ എല്ലാ പഠനകേന്ദ്രങ്ങളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുള്ള പ്രവേശനോത്സവം ജനുവരി ആദ്യയാഴ്ച മന്ത്രി എംബി രാജേഷ് ഉദ്ഘാടനം നിർവ്വഹിക്കും.  വിദ്യാഭ്യാസം തുടരാൻ തീരുമാനിച്ച വിവരം അറിഞ്ഞു  മന്ത്രി എം ബി രാജേഷുൾപ്പെടെയുള്ളവർ ആശംസകളുമായി എത്തിയിരുന്നു. വിദ്യാഭ്യാസം ഇല്ലെന്ന കാരണത്താൽ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയുകയായിരുന്നുവെന്നും ആ പേടി മാറ്റാൻ കൂടിയാണ് ഇപ്പോൾ തുല്യതാ പഠനത്തിന് ചേരുന്നതെന്നും താരം പറഞ്ഞിരുന്നു. ജീവിതത്തിലെ പ്രാരാബ്ധങ്ങളെ തുടർന്നാണ് സുരേന്ദ്രൻ എന്ന ഇന്ദ്രൻസ്  പഠനം അവസാനിപ്പിച്ചത്. റേഷൻ പോലും കിട്ടാതെ വിഷമിച്ചിരുന്ന കാലത്ത് ആൺകുട്ടികൾ അൽപം മുതിർന്നാൽ കണ്ടെത്തണം. എന്റെ കൂടെ പഠിച്ചവർ നാലാം ക്ലാസ് കഴിഞ്ഞപ്പോഴേ ബീഡി തുറുക്കാനും കെട്ടിടം പണിക്കുമൊക്കെ പോയിത്തുടങ്ങി. വീട്ടുകാർ എന്നെ തയ്യൽ പഠിക്കാനയച്ചു. അത് ഉപജീവനമാർഗമായി’ എന്നായിരുന്നു ഇന്ദ്രൻസ് പറഞ്ഞത്. തയ്യൽ ജോലിക്കാരനായ ഇന്ദ്രൻസ് പിന്നീട് കുമാരപുരത്ത് സ്വന്തമായി ടെയിലറിങ് ഷോപ്പ് ആരംഭിക്കുകയും അതുവഴി സിനിമയിലെത്തുകയുമായിരുന്നു. 2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ദ്രന്‍സ് നേടിയിരുന്നു. 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി. കഴിഞ്ഞ വര്‍ഷം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും ഇന്ദ്രന്‍സിന് ലഭിച്ചു. തിരുവനന്തപുരം കുമാരപുരം  സ്കൂളിലാണ് പ്രഥമിക വിദ്യാഭ്യാസം ഇന്ദ്രന്‍സ് പൂര്‍ത്തിയാക്കിയത്.