1970-കളിലും 1980-കളിലും മലയാള സിനിമാ ലോകത്ത് സജീവമായിരുന്ന മലയാളി നടിയാണ് ജലജ. 1978 ൽ തമ്പ് എന്ന സിനിമയിലൂടെയാണ് ജലജ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ദുഖപുത്രി ഇമേജിൽ അറിയപ്പെട്ട ജലജയ്ക്ക് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം ലഭിച്ചു. 1981ൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത വേനൽ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള കേരളം സംസ്ഥാന ചലച്ചിത്ര അവാർഡും മികച്ച നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡും ജലജ നേടിയിട്ടുണ്ട്. വിവാഹം വരെ തിരക്കേറിയ നടിയായിരുന്നു ജലജ. എന്നാൽ തൊണ്ണൂറുകളുടെ തുടക്കത്തിൽ ജലജ അഭിനയ രംഗം വിട്ടു. വിവാഹിതയായി കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകിയ നടി ബഹ്റിനിലേക്ക് താമസം മാറുകയും ചെയ്തു. പ്രകാശ് നായർ എന്നാണ് ജലജയുടെ ഭർത്താവിന്റെ പേര്. പിന്നീട് വർഷങ്ങൾക്കിപ്പുറം ജലജ സിനിമാ രംഗത്തേക്ക് തിരിച്ചെത്തി. 2021 ൽ ഫഹദ് ഫാസിൽ നായകൻ ആയ മാലിക് എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തിയത്. ചിത്രത്തിൽ ജലജയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് മകൾ ദേവിയാണ്. ഒറ്റ എന്ന പുതിയ ചിത്രത്തിൽ വീണ്ടും ഒരുമിച്ച് അഭിനയിച്ചിരിക്കുകയാണ് ജലജയും മകളും. സിനിമാ രംഗത്ത് ഉണ്ടായിരുന്നപ്പോൾ ഉള്ള അനുഭവങ്ങളെക്കുറിച്ചും സിനിമയിൽ നിന്നും മാറി നിന്ന കാലഘട്ടത്തെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ ജലജ. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നിരിക്കുന്നത്. ആ സമയത്തെ സൗഹൃദം സെറ്റിൽ പോകുമ്പോൾ മാത്രമായിരുന്നു. കാരണം അല്ലാതെ സംസാരിക്കാനുള്ള വഴയില്ല.
ഇപ്പോഴാണ് എല്ലാവരും കൂടുതൽ അടുത്തതെന്നും ജലജ പറയുന്നു. തിരുവനന്തപുരത്ത് ലവ്ലീസ് എന്ന ഗ്രൂപ്പുണ്ട്. ഞാൻ മേനക, ചിപ്പി, സുചിത്ര, വിന്ദുജ, സോന നായർ, കാർത്തിക തുടങ്ങിയവരെല്ലാമുണ്ട്. ഇപ്പോഴാണ് ഞങ്ങൾ ഒരു ഗ്രൂപ്പായി ആസ്വദിക്കുന്നത്. ആ സമയത്ത് ഒരു മാസം സെറ്റിൽ ഒരുമിച്ച് വർക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന സൗഹൃദമാണ്. അത് വളരെ വിലപ്പെട്ടതാണെങ്കിലും ബന്ധം കാത്ത് സൂക്ഷിക്കാൻ പറ്റില്ല. ഇന്നത്തെ കാരവാൻ സിസ്റ്റം അല്ല അന്ന്. ഒരു വീടാണെങ്കിൽ വീടിന്റെ സൈഡിൽ എല്ലാവരും ഇരുന്ന് സംസാരിക്കും. ഇപ്പോൾ അങ്ങനെയല്ലെന്നും നടി ചൂണ്ടിക്കാട്ടി. കല്യാണം ഗുരുവായൂരിൽ വെച്ചായിരുന്നു. സിനിമാ അഭിനയം നിർത്തി പോകുകയാണോ എന്ന് മാധ്യമങ്ങൾ ചോദിച്ചു. നിർത്തി പോകുകയാണെന്ന് ഒരിക്കലും പറയില്ല, നാളെ തിരിച്ച് വരുമോ എന്നറിയില്ല, നല്ല വേഷം ലഭിച്ചാൽ ചെയ്യുമെന്നാണ് ഞാൻ പറഞ്ഞതെന്നും ജലജ വ്യക്തമാക്കി.ബഹ്റിനിൽ താൻ സിനിമാ നടിയാണെന്ന് ആരോടും പറഞ്ഞിരുന്നില്ലെന്നും ജലജ പറയുന്നു.
മിസിസ് നായർ എന്നാണ് അറിയപ്പെട്ടത്. മകളുടെയൊപ്പം പഠിക്കുന്നവരുടെ അമ്മമാരായിരുന്നു അവിടത്തെ എന്റെ സുഹൃത്തുക്കൾ. അവർക്കും അറിയില്ലായിരുന്നു. ബഹ്റിനിലായിരുന്നപ്പോൾ ഞാനൊരു കുക്കിംഗ് ഗ്രൂപ്പിലുണ്ടായിരുന്നു. അതിൽ അമേരിക്കാരുൾപ്പെടെ എല്ലാ ദേശക്കാരുമുണ്ട്. ഒരു ഡച്ച് ലേഡിയുടെ വീട്ടിൽ ഞങ്ങൾക്ക് കുക്കിംഗ് ഡെമോ ഉണ്ടായിരുന്നു. സെക്യൂരിറ്റിയോട് പറഞ്ഞ് കയറണം. സെക്യൂരിറ്റിക്കാരൻ മലയാളി ചേട്ടനാണ്. അദ്ദേഹം കുറച്ച് നേരം എന്നെ നോക്കി ജലജയാണോ എന്ന് ചോദിച്ചു. അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. ഡെമോ കഴിഞ്ഞ് ഞാൻ തിരിച്ച് വന്നു. ആ ഡച്ച് സ്ത്രീ നിങ്ങളൊരു നടിയാണെന്ന് പറഞ്ഞില്ലല്ലോ എന്നെന്നോട് ചോദിച്ചു. എന്ത് പറ്റിയെന്ന് ഞാനും. സെക്യൂരിറ്റി വന്ന് നിങ്ങളെ പറ്റി വാചാലനായെന്ന് ആ സ്ത്രീ തന്നോട് പറഞ്ഞെന്നും ജലജ ഓർത്തു. സിനിമാ രംഗത്തേക്ക് മടങ്ങി വരാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നില്ലെന്നും മകൾക്ക് നല്ല അവസരം ലഭിക്കണമെന്നായിരുന്നു ആഗ്രഹമെന്നും ജലജ പറയുന്നു.
