ജോജു ജോര്‍ജ് ബോളിവുഡിലേക്ക്!! അരങ്ങേറ്റം അനുരാഗ് കശ്യപ് ചിത്രത്തില്‍ വില്ലനായി

മലയാളത്തിന്റെ പ്രിയ താരമാണ് ജോജു ജോര്‍ജ്. സഹനടനായി ശ്രദ്ധേയനായി ജോസഫിലൂടെ നായകനായി ആരാധക മനസ്സില്‍ ചേക്കേറിയ താരമാണ് ജോജു. ജോസഫിലൂടെ മികച്ച നടനുള്ള പുരസ്‌കാരവും നേടി. ഇപ്പോഴിതാ കരിയറില്‍ പുതിയ വഴിത്തിരവിലെത്തിയിരിക്കുകയാണ് താരം. ബോളിവുഡിലേക്കും ചുവടുവയ്ക്കാനൊരുങ്ങുകയാണ് താരം.

അനുരാഗ് കശ്യപ് ചിത്രത്തിലൂടെയാണ് ജോജുവിന്റെ ബോൡവുഡ് അരങ്ങേറ്റം. ബോബി ഡിയോള്‍, സന്യ മല്‍ഹോത്ര, സബ ആസാദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങള്‍. മുംബൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂരോഗമിയ്ക്കുകയാണ്. ചിത്രത്തില്‍ വില്ലനായിട്ടാണ് ജോജു എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മണിരത്‌നം – കമല്‍ഹാസന്‍ ചിത്രം തഗ് ലൈഫിലും ജോജു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജഗമേ തന്തിരം എന്ന ചിത്രത്തില്‍ വില്ലനായി ജോജു ജോര്‍ജ് എത്തുന്നുണ്ട്. ആദികേശവ എന്ന ചിത്രത്തിലൂടെ തെലുങ്കിലും ചുവടുവയ്ക്കുകയാണ് താരം.

നടന്‍, നിര്‍മ്മാതാവ്, ഗായകന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട് ജോജു. പണി എന്ന ചിത്രത്തിലൂടെയാണ് സംവിധായകനും തിരക്കഥാകൃത്തുമായത്. മഴവില്‍ കൂടാരം എന്ന ചിത്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷം അവതരിപ്പിച്ചാണ് ജോജു ജോര്‍ജിന്റെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. നായാട്ട്, മധുരം, ഒരു താത്വിക അവലോകനം, പട, പീസ്, ഇരട്ട, തുറമുഖം, പുലിമട, ആന്റണി തുടങ്ങിയവയെല്ലാം ശ്രദ്ധേയ ചിത്രങ്ങളാണ്. ആരോ ആണ് ജോജുവിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.