സുചിത്രയ്ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് ലാലേട്ടന്‍!!

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ 64ാം പിറന്നാള്‍ ആഘോഷമാക്കിയത്. താരം അവതാരകനായെത്തുന്ന ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളവും താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കിയിരുന്നു. വിജയ് യേശുദാസിന്റെ പാട്ടും പൂമാലയും പൊന്നാടയും കേക്കുമെല്ലാം ആയിട്ടാണ് ബിഗ് ബോസ് ടീം താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കിയത്.

ഇപ്പോഴിതാ താരത്തിന്റെ ചെന്നൈ വീട്ടിലെ പിറന്നാള്‍ ആഘോഷമാണ് സോഷ്യലിടത്ത് നിറയുന്നത്. ഭാര്യ സുചിത്രയ്ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു താരത്തിന്റെ പിറന്നാളാഘോഷം. ജിമ്മില്‍ നിന്നുള്ള താരത്തിന്റെ ചിത്രമായിരുന്നു ബെര്‍ത്‌ഡെ കേക്കിലുണ്ടായിരുന്നത്.

മോഹന്‍ലാലിന്റെ ആത്മസുഹൃത്ത് സമീര്‍ ഹംസ, പേഴ്‌സണല്‍ ഫിറ്റ്‌നെസ് ട്രെയിനര്‍ എന്നിവരെല്ലാം കേക്ക് മുറിക്കാന്‍ കൂടെയുണ്ടായിരുന്നു. കേക്കിന്റെ കഷ്ണം മോഹന്‍ലാലിന്റെ വായിലേക്ക് വച്ചുകൊടുക്കുന്ന ചിത്രവും സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. അച്ഛന് പിറന്നാള്‍ ആശംസകളുമായി മകള്‍ വിസ്മയ എത്തിയിരുന്നു. പ്രണവ് യാത്രകളിലാണ്.

താരത്തിന്റെ പിറന്നാള്‍ സമ്മാനമായി എമ്പുരാന്‍ സിനിമയിലെ എബ്രഹാം ഖുറേഷിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഷൂട്ടിംഗ് പുരോഗമിയ്ക്കുന്ന എല്‍360യുടെ ലൊക്കേഷനിലെ രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയുള്ള വീഡിയോ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും പങ്കിട്ടിരുന്നു.