വെല്‍ക്കം ബാക്ക് ജോമോള്‍!! ജയ്ഗണേഷില്‍ ഉണ്ണി മുകുന്ദന്റെ വക്കീലായി തിരിച്ചുവരവ്

മലയാളത്തിന്റെ പ്രിയ താരമാണ് നടി ജോമോള്‍. എന്ന് സ്വന്തം ജാനകിക്കുട്ടി, സ്നേഹം, മയില്‍പീലിക്കാവ്, നിറം എന്നീ ചിത്രങ്ങളിലൂടെയെല്ലാം ജോമോള്‍ ആരാധകമനസില്‍ കുടിയേറിക്കഴിഞ്ഞു. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് താരം. സോഷ്യല്‍മീഡിയയില്‍ സജീവമാണ്…

മലയാളത്തിന്റെ പ്രിയ താരമാണ് നടി ജോമോള്‍. എന്ന് സ്വന്തം ജാനകിക്കുട്ടി, സ്നേഹം, മയില്‍പീലിക്കാവ്, നിറം എന്നീ ചിത്രങ്ങളിലൂടെയെല്ലാം ജോമോള്‍ ആരാധകമനസില്‍ കുടിയേറിക്കഴിഞ്ഞു. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് താരം. സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം. മക്കളോടൊപ്പമുള്ള ഫോട്ടോഷൂട്ടകളെല്ലാം താരം പങ്കിടാറുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ജോമോള്‍ വീണ്ടും സജീവമാകുകയാണ് മലയാള സിനിമയില്‍. ഉണ്ണിമുകുന്ദന്‍ നായകനാകുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രം ജയ് ഗണേഷിലൂടെയാണ് ജോമോളുടെ തിരിച്ചുവരവ്. നടന്‍ ഉണ്ണിമുകുന്ദന്‍ തന്നെയാണ് ജോമോളുടെ തിരിച്ചുവരവും പങ്കുവച്ചത്.

‘മലയാള സിനിമയിലേക്ക് വീണ്ടും സ്വാഗതം.. ജോമോള്‍ ജയ് ഗണേഷ് ടീമിന്റെ ഭാഗമാകുന്നു.’ എന്റെ അഡ്വക്കേറ്റ് എന്നാണ് ഉണ്ണിമുകുന്ദന്‍ കുറിച്ചത്. ജോമോളുടെ ജയ് ഗണേഷിലെ ക്യാരക്ടര്‍ പോസ്റ്ററും താരം പങ്കുവച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ അഭിഭാഷകയായാണ് ജോമോള്‍ ചിത്രത്തിലെത്തുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ നായികയെയും ഉണ്ണി മുകന്ദന്‍ പരിചയപ്പെടുത്തിയിരുന്നു. മഹിമ നമ്പ്യാര്‍ ആണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായി എത്തുന്നത്. തമിഴ്, തെലുങ്ക് നടന്‍ രവീന്ദ്ര വിജയിയും ചിത്രത്തിലെത്തുന്നുണ്ട്. കഴിഞ്ഞ വിനായക ചതുര്‍ത്ഥി ആഘോഷവേളയ്ക്കിടെ ആയിരുന്നു ജയ് ഗണേഷ് ചിത്രം പ്രഖ്യാപിച്ചത്. സിനിമയുടെ പൂജ നവംബര്‍ 10നും 11ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.