അച്ഛൻ പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ കണ്ണീരടക്കാനാകാതെ കാളിദാസ്; സ്നേഹം തുളുമ്പിയ നിമിഷങ്ങൾ, വീഡിയോ

കാളിദാസ് ജയറാം, തരിണി കലിംഗരായർ എന്നിവരുടെ വിവാഹനിശ്ചയ വിഡിയോ ഏറ്റെടുത്ത് ആരാധകർ. ജയറാമിന്റെ വാക്കുകളിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. ഒരു അച്ഛന്റെ സ്നേഹം തുളുമ്പുന്ന വാക്കുകൾ കണ്ണീരണിയിക്കുന്നതാണ്. ‘‘കഴിഞ്ഞ 58 വർഷങ്ങൾക്കിടയിൽ ഒരുപാട് നല്ല കാര്യങ്ങളുണ്ട്,…

കാളിദാസ് ജയറാം, തരിണി കലിംഗരായർ എന്നിവരുടെ വിവാഹനിശ്ചയ വിഡിയോ ഏറ്റെടുത്ത് ആരാധകർ. ജയറാമിന്റെ വാക്കുകളിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. ഒരു അച്ഛന്റെ സ്നേഹം തുളുമ്പുന്ന വാക്കുകൾ കണ്ണീരണിയിക്കുന്നതാണ്. ‘‘കഴിഞ്ഞ 58 വർഷങ്ങൾക്കിടയിൽ ഒരുപാട് നല്ല കാര്യങ്ങളുണ്ട്, സന്തോഷമുള്ള ഓർമകൾ. അതിൽ എപ്പോഴും, ദിവസം ഒരു നേരമെങ്കിലും ഓർക്കുന്ന ചിലതുണ്ട്. ചില തിയതികൾ. അതിലൊന്നാണ് 1988 ഡിസംബർ 23. അന്നാണ് അശ്വതി (പാർവതി) ആദ്യമായി എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്.

അതിന് ശേഷം 1993 സെപ്റ്റംബർ ഏഴ് ഞങ്ങളുടെ വിവാഹം ഗുരുവായൂരിൽ വച്ച് നടന്നു. 1993 ഡിസംബർ 16, കൊച്ചി ആശുപത്രിയിൽ ഞാൻ ഡോക്ടറോട് പറഞ്ഞു, എന്നെ പുറത്തിരുത്തരുത്, ഞാൻ അശ്വതിയുടെ കൂടെ തന്നെ വേണം, അടുത്തുണ്ടാവണം എന്ന്. അത് അനുവദീനിയമല്ല സർ എന്നാണ് ഡോക്ടർ പറഞ്ഞത്. ഞാൻ സമ്മതിച്ചില്ല. അവൾ എന്റെ കൈ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. ഡോക്ടർ കുഞ്ഞിനെ എടുത്ത് നഴ്‌സിന് കൊടുക്കുന്നതിന് മുൻപേ ഞാനാണ് കൈയിൽ വാങ്ങിയത്. അവനാണ് എന്റെ കണ്ണൻ‘‘ – ജയറാം പറഞ്ഞു.

https://youtu.be/SZVHArEPd9Y

‘‘29 വർഷങ്ങൾ, ഇന്ന് അവൻ നിൽക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷത്തിലാണ്. ഇനിയും അധികം സംസാരിച്ചാൽ, ഞാൻ കൂടുതൽ ഇമോഷനലാവും. ഹരിക്കും ആർതിക്കും (തരുണിയും അച്ഛനും അമ്മയും) നന്ദി. ഇന്ന് മുതൽ എനിക്ക് ഒരു മകൾ അല്ല, രണ്ട് പെൺമക്കളാണ്.’’ ജയറാം കൂട്ടിച്ചേർത്തു. അച്ഛൻ പറഞ്ഞ് അവസാനിച്ചപ്പോൾ കാളിദാസിന് കണ്ണീരടക്കാനായില്ല. മകനെ ചേർത്ത് നിർത്തി ജയറാം നെറ്റിയിൽ ചുംബിച്ചപ്പോൾ വിവാഹ നിശ്ചയത്തിന് എത്തിയവരുടെ കണ്ണുകളും നിറഞ്ഞു.

ഈ മാസം ആദ്യം ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും താരിണിയും തമ്മിലെ വിവാഹനിശ്ചയം നടന്നത്. മോഡലിങ് രംഗത്തു നിന്നുമാണ് കാളിദാസ് ജയറാം ഭാവി വധുവിനെ കണ്ടെത്തിയത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേർഡ് റണ്ണർ അപ്പ് കൂടിയായ തരിണി.