ട്രെൻഡിങ്ങായി അഹാന-നിമിഷ് സംഗീത് നൈറ്റ്; താരനിര തിളങ്ങി, വീഡിയോയ്ക്ക് 3 മില്യണിലേറെ കാഴ്ചകൾ

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹവിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ശ്രദ്ധ നേടുകയാണ്. പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ഇരുവരുടെയും വിവാഹച്ചടങ്ങുകൾക്ക് പിന്നാലെ ഇപ്പോൾ വൈറലാകുന്നത് സംഗീത് നൈറ്റിന്റെ ദൃശ്യങ്ങളാണ്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സംഗീത് ചടങ്ങിലെ നൃത്തപരിപാടികളുടെ ദൃശ്യങ്ങളാണ് അഹാന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. റെട്രോ ബോളിവുഡ് പ്രമേയത്തിൽ ഒരുക്കിയ വേദിയിൽ ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് അഹാനയും കുടുംബാംഗങ്ങളും എത്തിയത്. വർഷങ്ങളായുള്ള ആഗ്രഹവും മാസങ്ങളോളം നടത്തിയ പരിശീലനവുമാണ് ഈ മനോഹരമായ നിമിഷങ്ങൾക്ക് പിന്നിലെന്നും വീഡിയോ പങ്കുവെച്ച് അഹാന കുറിച്ചു.

സിനിമാ മേഖലയിലെ അഹാനയുടെയും നിമിഷിന്റെയും അടുത്ത സുഹൃത്തുക്കളും സംഗീത് ചടങ്ങിൽ പങ്കെടുത്തു. താരങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ നൃത്തപരിപാടികൾക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അഹാന തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച സംഗീത് വീഡിയോ ഇതിനോടകം 3 മില്യണിലേറെ കാഴ്ചകൾ സ്വന്തമാക്കി. ഇരുവരുടെയും വിവാഹ ചിത്രങ്ങൾക്കും ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കോവളത്തെ താജ് റിസോർട്ടിൽ വെച്ചായിരുന്നു അഹാനയുടെയും നിമിഷിന്റെയും വിവാഹം. ലളിതമായ ചടങ്ങിൽ നടന്ന വിവാഹത്തിൽ നടൻ ദുൽഖർ സൽമാൻ, ‘കാന്താര’ താരം ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാർ, സംഗീത സംവിധായകൻ ജേക്സ് ബിജോയ്, സംവിധായകൻ ഡൊമിനിക് അരുൺ തുടങ്ങിയ പ്രമുഖരും പങ്കെടുത്തിരുന്നു.