
താൻ ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ച് ആരുടെയും അനുവാദം ആവശ്യമില്ലെന്ന് വ്യക്തമാക്കി നടി ഐശ്വര്യ ലക്ഷ്മി. ഒരു ഉദ്ഘാടന ചടങ്ങിൽ താരം ധരിച്ച വസ്ത്രം വലിയ രീതിയിൽ ചർച്ചയാകുകയും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിടേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് നടിയുടെ പ്രതികരണം. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.
തനിക്ക് ഏറെ ഇഷ്ടപ്പെട്ടാണ് ആ ഔട്ട്ഫിറ്റ് ധരിച്ചതെന്നും എന്നാൽ കാറിൽ നിന്ന് ഇറങ്ങിയപ്പോഴാണ് അതൊരു അബദ്ധമായി മാറിയെന്ന് തിരിച്ചറിഞ്ഞതെന്നും ഐശ്വര്യ പറഞ്ഞു. “ഏഴ്-എട്ട് ദിവസത്തെ നൈറ്റ് ഷൂട്ട് കഴിഞ്ഞിട്ട് വരുന്നതിന്റെ ക്ഷീണത്തിലായിരുന്നു ഞാൻ. സുഹൃത്തുക്കളും സ്റ്റൈലിസ്റ്റും ആ വസ്ത്രം ധരിക്കേണ്ട എന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഞാൻ കേട്ടില്ല. ഇതൊരു പുതിയ ഫാഷനാണെന്നാണ് കരുതിയത്. തിരുവനന്തപുരത്തെ ഒരു ഡയമണ്ട് എക്സിബിഷനുമായി ബന്ധപ്പെട്ടാണ് അന്ന് അവിടെയെത്തിയത്. എന്നാൽ കാമറകൾ മുഖത്തിന് നേരെ വരുന്നതിന് പകരം ശരീരത്തിന് താഴേക്ക് ഫോക്കസ് ചെയ്തപ്പോഴാണ് അസ്വസ്ഥത തോന്നിയത്. ആളുകളുടെ കണ്ണുകൾ എവിടേക്കാണ് നോക്കുന്നത് എന്നതിലാണ് പ്രശ്നം,” താരം വ്യക്തമാക്കി.
വസ്ത്രധാരണമല്ല, വ്യക്തികളുടെ പെരുമാറ്റമാണ് സംസ്കാരത്തിന്റെ മാനദണ്ഡമെന്നും ഐശ്വര്യ ഓർമ്മിപ്പിച്ചു. “സംസ്കാരം എന്നത് വസ്ത്രത്തിന്റെ നീളത്തിലോ ക്ലീവേജിലോ ആണോ ഇരിക്കുന്നത്? അല്ല, മറിച്ച് ഒരാൾ എങ്ങനെ പെരുമാറുന്നു എന്നതിലാണ്. ആളുകൾക്ക് തോന്നുന്നത് പോലെ സംസാരിക്കാം, അതിലൊന്നും പൊലീസിങ് ഇല്ല,” താരം കൂട്ടിച്ചേർത്തു.












