നഞ്ചിയമ്മ പാടിയത് ഹൃദയം കൊണ്ട്…നൂറ് വര്‍ഷമെടുത്താലും നിങ്ങള്‍ക്ക് സാധിക്കില്ല! ലിനു ലാലിനോട് അല്‍ഫോണ്‍സ് ജോസഫ്

നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്. നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് 100 വര്‍ഷങ്ങളെടുത്താലും മറ്റുള്ളവര്‍ക്ക് സാധിക്കില്ല. താന്‍ നഞ്ചിയമ്മയെ പിന്തുണയ്ക്കുന്നു…

നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ്. നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് 100 വര്‍ഷങ്ങളെടുത്താലും മറ്റുള്ളവര്‍ക്ക് സാധിക്കില്ല. താന്‍ നഞ്ചിയമ്മയെ പിന്തുണയ്ക്കുന്നു എന്നും അല്‍ഫോണ്‍സ് ജോസഫ് പറഞ്ഞു.

നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് സംഗീതജ്ഞന്‍ ലിനുലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോയുമായെത്തിയിരുന്നു. ഈ വീഡിയോയ്ക്ക്് താഴെ കമന്റായാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

ഞാന്‍ നഞ്ചിയമ്മയ്‌ക്കൊപ്പമാണ്. ദേശീയ പുരസ്‌കാര സമിതി കാണിച്ച മഹത്തായ ഈ മാതൃകയില്‍ ഞാനവരെ പിന്തുണയ്ക്കുന്നു. കാരണം പഠനമോ പരിശീലനമോ ഇല്ലാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് 100 വര്‍ഷങ്ങളെടുത്ത് പഠിച്ചാലും സാധിക്കില്ലെങ്കില്‍ ഞാന്‍ പഠിക്കാന്‍ തയ്യാറല്ല. വര്‍ഷങ്ങളുടെ പരിശീലനമോ പഠനമോ അല്ല, നിങ്ങളുടെ ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും മനസുകൊണ്ടും നിങ്ങളെന്ത് നല്‍കിയെന്നതാണ് കാര്യം. ഇതാണ് എന്റെ അഭിപ്രായമെന്നും.’- അല്‍ഫോണ്‍സ് ജോസഫ് കുറിച്ചു.

നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നല്‍കിയത് സംഗീതത്തെ ജീവിതമായി കാണുന്നവര്‍ക്ക് അപമാനമായി തോന്നുമെന്നായിരുന്നു ലിനുലാല്‍ തന്റെ വിഡിയോയില്‍ പറഞ്ഞത്. അയ്യപ്പനും കോശിയും സിനിമയിലെ ഗാനത്തിന് പ്രത്യേക ജൂറി പരാമര്‍ശമായിരുന്നു നല്‍കേണ്ടിയിരുന്നതെന്നും ലിനു പറഞ്ഞു.

മൂന്നും നാലും വയസ് മുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവെക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തുപോകില്ല അങ്ങനെയൊക്കെയുള്ളവര്‍. പട്ടിണികിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍. അങ്ങനെ ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള്‍ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നുപറഞ്ഞാല്‍. പുതിയൊരു സോങ് കമ്പോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ലിനുലാല്‍ പറഞ്ഞിരുന്നു.
nanjamma
അയ്യപ്പനും കോശിയിലെ ‘കളക്കാത്ത സന്ദനമേറം’ എന്ന ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. 2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലും പ്രത്യേക ജൂറി പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചിരുന്നു.

അയ്യപ്പനും കോശിയും സിനിമ തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പേ തന്നെ ടൈറ്റില്‍ ഗാനവും ഗായികയായ നഞ്ചിയമ്മയും വൈറലായിരുന്നു. ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തില്‍ നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നക്കുപതി പിരിവ് ഊരില്‍ ആണ് താമസിക്കുന്നത്.