വയസ്സ് വെറും നമ്പര്‍ മാത്രം; സാരിയുടുത്ത് കയറില്‍ പിടിച്ച് തൂങ്ങി അഗസ്ത്യമല കയറി 62കാരി- വീഡിയോ

വയസ്സ് വെറും നമ്പര്‍ മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയാണ് ഈ അറുപത്തിരണ്ടുകാരി. ബെംഗളൂരു സ്വദേശി നാഗരത്‌നമ്മ ചുറുചുറുക്കോടെ അഗസ്ത്യാര്‍കൂടം കീഴടക്കിയിരിക്കുകയാണ്. നാഗരത്‌നമ്മ സാരിയുടുത്ത് കയറില്‍ പിടിച്ച് തൂങ്ങി 1,868 മീറ്റര്‍ ഉയരമുള്ള അഗസ്ത്യമല കയറുന്ന വീഡിയോ പുറത്തു വന്നു. മകനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് നാഗരത്‌നമ്മ മല കയറിയത്. ട്രെക്കിങ്ങും യാത്രയും ഒരുപാട് ഇഷ്ടമാണെങ്കിലും തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറി നില്‍ക്കാനാവാത്തതിനാലാണ് ഇത്രയും കാലം ഈ സ്വപ്‌നത്തില്‍ നിന്നും മാറി നിന്നതെന്നും നാഗരത്‌നമ്മ പറയുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി 16നാണ് നാഗരത്‌നമ്മയും സംഘവും അഗസ്ത്യാര്‍കൂടം കീഴടക്കിയത്.

https://www.instagram.com/reel/CaHStxTps1a/?utm_source=ig_embed&ig_rid=78571cc5-7457-4797-83c0-8ef58e6809a3

സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 6200 അടി ഉയരത്തിലാണ് അഗസ്ത്യാര്‍കൂടം. കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് റൂട്ടുകളില്‍ ഒന്നാണ് അഗസ്ത്യാര്‍കൂടം. അപൂര്‍വമായ സസ്യങ്ങളും ജീവജാലങ്ങളും ഉള്ള പ്രദേശമായതിനാല്‍ ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു മാസം കര്‍ശന നിയന്ത്രണങ്ങളോടെ ഇവിടേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാറുണ്ട്. കൊടും വനത്തിനുള്ളിലൂടെ 27 കിലോമീറ്റര്‍ നടന്നാണ് ഏറ്റവും മുകളിലെത്തുന്നത്. ഈ ബുദ്ധിമുട്ടുകളെല്ലാം താണ്ടിയാണ് രത്‌നമ്മ മുകളിലെത്തിയത്.