അച്ഛന്‍ കുഞ്ഞിനെ വിളിച്ച പേര് അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല, കൊല്ലത്ത് പേരിടീല്‍ ചടങ്ങില്‍ നടന്നത് കൂട്ടത്തല്ല്; വീഡിയോ വൈറല്‍

ഒരു കുഞ്ഞ് ജനിക്കും മുന്‍പേ അച്ഛനമ്മമാര്‍ ഏറെ സന്തോഷത്തോടെ ചിന്തിച്ചു തുടങ്ങുന്നതാണ് അവള്‍ക്ക്… അവന് ഇടാനുള്ള പേര്. കുഞ്ഞ് ജനിച്ച് 28 -ാം ദിവസം ബന്ധുമിത്രാദികളുടെ സാന്നിധ്യത്തില്‍ ആ പേര് ചൊല്ലി വിളിക്കുകയും ചെയ്യും.…

ഒരു കുഞ്ഞ് ജനിക്കും മുന്‍പേ അച്ഛനമ്മമാര്‍ ഏറെ സന്തോഷത്തോടെ ചിന്തിച്ചു തുടങ്ങുന്നതാണ് അവള്‍ക്ക്… അവന് ഇടാനുള്ള പേര്. കുഞ്ഞ് ജനിച്ച് 28 -ാം ദിവസം ബന്ധുമിത്രാദികളുടെ സാന്നിധ്യത്തില്‍ ആ പേര് ചൊല്ലി വിളിക്കുകയും ചെയ്യും.

എന്നാല്‍ ഒരു കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങിന് പിതാവും മാതാവും മറ്റ് ബന്ധുക്കളും തമ്മിലടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍  വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

https://youtube.com/shorts/Ph4AMhNB9Ow?feature=share

കൊല്ലം തെന്മലയിലാണ് പേരിടീല്‍ ചടങ്ങ് കൂട്ടത്തല്ലായി മാറിയത്. കുഞ്ഞിന്റെ ഇടത് ചെവി വെറ്റില കൊണ്ട് അടച്ച് പിടിച്ച് വലത് ചെവിയില്‍ മൂന്ന് പ്രാവശ്യം പേര് വിളിക്കണമെന്നാണ് ചടങ്ങ്. ഇവിടെ ചടങ്ങില്‍ കുട്ടിയുടെ പിതാവ് അലംകൃത എന്ന പേര് കുട്ടിയുടെ ചെവിയില്‍ വിളിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ ഇത് കേട്ട ഉടന്‍ തന്നെ പ്രകോപിതയായ കുട്ടിയുടെ മാതാവ് കുഞ്ഞിനെ ബലമായി പിടിച്ച് വാങ്ങുകയാണ് ചെയ്തത്. മാത്രമല്ല കുഞ്ഞിന്റെ ചെവിയില്‍ നൈമിക എന്ന് വിളിക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്നാണ് പിന്നീട് കൂട്ടത്തല്ലും ബഹളവുമുണ്ടായത്.

ചടങ്ങില്‍ പങ്കെടുത്ത ആരോ ഒരാള്‍ പകര്‍ത്തിയ വീഡിയോ വൈറലാവുകയായിരുന്നു. ഇനിയങ്ങോട്ട് ഈ അച്ഛന്റേയും അമ്മയുടേയും ഇടയില്‍ ജീവിക്കേണ്ടി വരുന്ന കുഞ്ഞിന്റെ അവസ്ഥ എന്താകുമെന്ന ആശങ്കയാണ് പലരും വീഡിയോയ്ക്ക് താഴെ പങ്കു വെക്കുന്നത്.