
ഡെന്മാര്ക്ക്: മനുഷ്യനോളം കരുണയില്ലാത്ത ഒരു ജീവി വര്‍ഗം ഈ ഭൂമിയില്‍ വേറെ കാണില്ല എന്ന് പണ്ടുമുതല്‍ നമ്മള് കേള്‍ക്കുന്ന ഒരു സത്യമാണ്, അതിനു ചേര്‍ന്ന ഒരു സംഭവം ആണ് ഡെന്മാര്ക്കില് നിന്നും പുറത്ത് വരുന്നത്. ഉത്തര അറ്റ്ലാന്റികിലെ ഫറോ ദ്വീപില്‍ ആഘോഷത്തിന്റെ ഭാഗമായി കൊന്ന് തള്ളിയത് 800 തിമിംഗലങ്ങളെയാണ്.

തിമിംഗലങ്ങളെ കൊന്നത് എല്ലാവര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാഡ്രാപ് ഉല്‍സവത്തിന്റെ ഭാഗമായാണ് . വര്‍ഷങ്ങളായി പ്രദേശത്ത് തുടര്‍ന്നുവരുന്ന പതിവാണിത്. 800-ല്‍ അധികം തിമിംഗലങ്ങളെയാണ് ഈ ആഘോഷത്തിന്റെ ഭാഗമായി കുടുക്കിട്ട് പിടിച്ച് രക്തം കടലില്‍ ഒഴുക്കിയത്.

മുന്‍ വര്‍ഷങ്ങളില്‍ 2,000-ലധികം തിമിംഗങ്ങളെ ഇത്തരത്തില്‍ കൊന്നിട്ടുണ്ട്. തിമിംഗലങ്ങളെ കുടുക്കിട്ട് പിടിച്ച ശേഷം അവയുടെ കഴുത്ത് മുറിച്ച് രക്തം കടലിലേക്ക് ഒഴുക്കും. റോ ദ്വീപ് നിവാസികള്‍ തിമിംഗലത്തിന്റെ ശരീരം ഭക്ഷിക്കും. സര്‍ക്കാരിന്റെ അനുമതിയോടെയാണ് ആഘോഷങ്ങള്‍ നടക്കുന്നത്.

ഏകദേശം 778,000 തിമിംഗലങ്ങള്‍ ഉത്തര അറ്റ്ലാന്റികില് ഉണ്ട്. ഫറോ ദ്വീപിന് ചുറ്റുമാണ് ഇവയില്‍ 100,000ത്തോളവും വസിക്കുന്നത്. ഈ ആഘോഷത്തിന് മുന്‍പും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട് പക്ഷെ ആരും മുഖവിലക്കെടുക്കാറില്ല.











