
ലോക്സഭയിലേക്കു ഇത്തവണ ജയിച്ചു കയറിയ വനിതകളിൽ ബംഗാളി സിനിമാതാരങ്ങളായ മിമി ചക്രവര്‍ത്തി, നുസ്രത്ത് ജഹാൻ എന്നിവരുടേതാണ് ഏറ്റവും ചർച്ച ചെയ്യപ്പെടേണ്ട രണ്ടു പേരുകള്‍. കടുത്ത ലൈംഗിക അധിക്ഷേപങ്ങൾക്കാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച അന്നു മുതൽ ഇവര്‍ നേരിട്ടത്.

സമൂഹമാധ്യമങ്ങളിൽ എതിരാളികൾ കുറിച്ചിട്ടത് ‘നിങ്ങൾ മേൽവസ്ത്രം ഊരി നൃത്തം ചെയ്താലും ഞങ്ങൾ വോട്ട് ചെയ്യില്ലെന്നാണ്’. നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും വ്യാപകമായി ലൈംഗികാധിക്ഷേപങ്ങളുണ്ടായി. സൽവാർ ധരിച്ചു പ്രചാരണത്തിനെത്തിയ മിമിക്ക് വൻ അധിക്ഷേപമാണ് പ്രതിപക്ഷ പാർട്ടികളിൽ നിന്നു നേരിടേണ്ടി വന്നത്.

സല്‍വാറുടുത്തു വന്നാലും സാരിയുടുത്തു വന്നാലും ഞാന്‍ പ്രവര്‍ത്തിക്കും. ജീന്‍സിട്ടു വന്നാലുടന്‍ ഞാന്‍ വേറൊരു വ്യക്തിയാകുമോ ? എന്ന മിമിയുടെ ചോദ്യം വൈറലാവുകയും ചെയ്തു. തൃണമൂലിന്റെ കുത്തക മണ്ഡലങ്ങളായിരുന്ന ജാദവ്പുരിൽ നിന്നും ബസീര്‍ഹട്ടിൽ നിന്നുമാണ് യഥാക്രമം ഇരുവരും മത്സരിച്ചത്.

ബസീർഹട്ടിൽ നിന്ന് മൂന്നരലക്ഷം വോട്ടുകൾക്ക് നുസ്രത്ത് ജഹാന്റെ ആധികാരിക ജയം. ജാദവ്പുരിൽ നിന്ന് 2.95 ലക്ഷം വോട്ടുകള്‍ക്കായിരുന്നു മിമിയുടെ ജയം. സംസ്ഥാനത്ത് ഏറ്റവുമധികം ഭൂരിപക്ഷം നേടിയ രണ്ടാമത്തെ വ്യക്തിയാണ് നുസ്രത്ത് ജഹാന്. മിമി അഞ്ചാമത്തെയും. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 1.30 ലക്ഷം വോട്ടുകള്‍ക്കു താഴെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലങ്ങലായിരുന്നു ഇവ.











