അമ്മയെയും മുത്തശിയെയും ക്രൂരമായി പീഡിപ്പിക്കുമ്ബോള്‍ മൂകസാക്ഷി മകന്‍

വണ്ടിപ്പെരിയാറില്‍ അമ്മയെയും മകളെയും ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് പുറത്തറിഞ്ഞത് കുഞ്ഞിന്റെ നിലവിളി കേട്ട്. സംഭവ ദിവസം ഉച്ചയ്ക്കുശേഷം നീനുവിന്റെ ഏഴ് മാസം പ്രായമുള്ള മകന്‍ വീട്ടുമുറ്റത്ത് കൂടി മുട്ടിലിഴഞ്ഞ് നടക്കുന്നതുകണ്ട അയല്‍വാസികളാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം ആദ്യം അറിയുന്നത്.

നേരം പുലരുവോളം അമ്മയും മുത്തശിയും ജീവനോടെയും അല്ലാതെയും ക്രൂരപീഡനങ്ങള്‍ക്കിരയാകുമ്ബോള്‍ കഥയൊന്നുമറിയാത്ത ആ കുരുന്ന് ജീവന്‍ എല്ലാത്തിനും മൂകസാക്ഷിയായിരുന്നു. പിന്നീട് എപ്പോഴോ മുലപ്പാലിന് വേണ്ടി അമ്മയെ തേടിയപ്പോള്‍ അവന്റെ ദീനരോദനം കേള്‍ക്കാന്‍ ആരുമില്ലാത്തതുകൊണ്ടാവാം ജഗദീശ്വരന്‍ പകര്‍ന്നുനല്‍കിയ ഊര്‍ജം സംഭരിച്ച്‌ അവന്‍ മുറ്റത്തെത്തിയത്. നാലടിയിലേറെ ഉയരമുള്ള കയ്യാലക്കെട്ടുകളാല്‍ തട്ടുകളായി തിരിച്ച ഭൂമിയിലാണ് കൊല നടന്ന വീട് സ്ഥിതി ചെയ്യുന്നത്. അമ്മയെ തേടിയുള്ള അലച്ചിലിനിടയില്‍ ഏതെങ്കിലുമൊരു കയ്യാലിയില്‍ നിന്ന് ആരും കാണാതെ വഴുതിവീണിരുന്നെങ്കില്‍ ആ കുരുന്നുജീവനും ഒരു ദുരന്തമാകുമായിരുന്നു. അന്ന് ഉച്ചയ്ക്ക് ശേഷം കരഞ്ഞുതളര്‍ന്ന കുട്ടി കയ്യാലയ്ക്ക് സമീപത്തേക്ക് ഇഴഞ്ഞുനീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വീട്ടിലെ സ്ത്രീ ഓടിവന്ന് നോക്കിയപ്പോഴാണ് തലേരാത്രിയിലെ കൊടുംക്രൂരതയുടെ കഥകള്‍ വണ്ടിപ്പെരിയാര്‍ നിവാസികള്‍ അറിയുന്നത്. പ്രതികള്‍ രണ്ടുപേരും സമീപവാസികള്‍ തന്നെയാണ്. രണ്ടാം പ്രതി ജോമോന്‍ നീനുവിനോട് മുമ്ബ് പലതവണ അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചിരുന്നതായും കേസ് അന്വേഷണവേളയില്‍ നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.