നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരുടെ ‘ഗൂഢാലോചന’ പ്രസ്താവനയും ദിലീപിന്റെ പ്രതികരണവും

കൊച്ചി: 2017 ഫെബ്രുവരി 17-ന് കൊച്ചിയിൽ പ്രമുഖ നടിക്ക് നേരെ നടന്ന ക്രൂരമായ ആക്രമണം മലയാള സിനിമാ ചരിത്രത്തിൽ വലിയ കോളിളക്കമുണ്ടാക്കി. സംഭവത്തെ അപലപിക്കാനും നടിയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമായി എറണാകുളം ദർബാർ ഹാൾ മൈതാനത്ത് വെച്ച് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ഒരു യോഗം വിളിച്ചു ചേർത്തിരുന്നു. ‘അമ്മ’ പ്രസിഡന്റ് ഇന്നസെന്റ്, മമ്മൂട്ടി, ദിലീപ് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ അന്ന് യോഗത്തിനെത്തി.

അതേ വേദിയിൽ വെച്ച് നടി മഞ്ജു വാര്യർ നടത്തിയ പ്രസ്താവന ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമായിരുന്നു മഞ്ജുവിന്റെ പ്രസംഗത്തിന്റെ കാതൽ.

ഏതൊരു പെൺകുട്ടിക്കും ഇത്തരമൊരു സാഹചര്യമുണ്ടാകരുതെന്നും, താനടക്കമുള്ള നടിമാരെ അർധരാത്രിയിൽ പോലും സുരക്ഷിതമായി വീട്ടിലെത്തിച്ച നല്ല ഡ്രൈവർമാർ തങ്ങൾക്കുണ്ടെന്നും അതുകൊണ്ട് എല്ലാവരെയും കുറ്റപ്പെടുത്തുന്നില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു. “ഈ സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും, പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും എല്ലാ പിന്തുണ നൽകുക മാത്രമാണ് നമ്മൾ ചെയ്യേണ്ടതെന്നും” മഞ്ജു കൂട്ടിച്ചേർത്തു. വീടിനകത്തും പുറത്തും ഒരു പുരുഷൻ സ്ത്രീക്ക് നൽകുന്ന എല്ലാ ബഹുമാനവും അതേ അളവിൽ തിരിച്ചുലഭിക്കാൻ സ്ത്രീകൾക്ക് അർഹതയുണ്ടെന്നും അന്ന് മഞ്ജു വ്യക്തമാക്കി.

ഈ പ്രസ്താവനയ്ക്ക് ശേഷമാണ് തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ തുടക്കമെന്ന് കേസിൽ കുറ്റവിമുക്തനാക്കിയ ശേഷം ദിലീപ് പ്രതികരിച്ചിരുന്നു. കേസിന്റെ വിചാരണ വേളയിൽ മഞ്ജു വാര്യർ മുഖ്യസാക്ഷിയായിരുന്നു. മഞ്ജു നൽകിയ മൊഴിയുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. കോടതി വിധിയുടെ പകർപ്പ് ലഭിച്ചാൽ മാത്രമേ കോടതിയിൽ മഞ്ജു പറഞ്ഞ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ.

സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ കേസിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം 2017 ജൂലൈ 10-ന് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് 2017 ഒക്ടോബർ 3-ന് ഉപാധികളോടെ ദിലീപിന് കോടതി ജാമ്യം അനുവദിച്ചു.