ഏഴ് ദിവസം മുൻപ് കേരളത്തിന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു, അമിത് ഷാ

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിനെതിരേ ​കടുത്ത വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏഴ് ദിവസം മുമ്പ് കേരളത്തിന് പ്രളയമുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്ത് വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു. ആവർത്തിച്ചുള്ള മുന്നറിയിപ്പ് കേരളം കണക്കിലെടുത്തില്ലെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്നും അമിത് ഷാ ആരോപിച്ചു. ജൂലൈ 23ന് ഇത് സംബന്ധിച്ച മുന്നറിയിപ്പ് കേരളത്തിന് നൽകിയെന്നാണ് അമിത് ഷാ പാർലമെന്റിൽ അറിയിച്ചത്. വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുകയാണ്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടാവുന്നതിന് ഒരാഴ്‌ച മുൻപ് തന്നെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് ആഭ്യന്തരമന്ത്രി അവകാശപ്പെടുന്നത്. കൂടാതെ സംസ്ഥാനത്ത് കനത്ത മഴ പ്രവചിച്ചതിനെത്തുടർന്ന് കേന്ദ്രം ഒമ്പത് എൻഡിആർഎഫ് സംഘങ്ങളെ അവിടേക്ക് അയച്ചിരുന്നുവെന്നും പറഞ്ഞു. ഒമ്പത് എൻഡിആർഎഫ് സംഘങ്ങളെ കേരളത്തിലേക്ക് നേരത്തെ അയച്ചിരുന്നു. കേരള സർക്കാർ യഥാസമയം ആളുകളെ ഒഴിപ്പിച്ചില്ലയെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.

പ്രകൃതിദുരന്തങ്ങളെക്കുറിച്ച് കുറഞ്ഞത് ഏഴ് ദിവസം മുമ്പെങ്കിലും മുന്നറിയിപ്പ് നൽകാൻ കഴിയുന്ന ലോകത്തിലെ നാല് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ രാഷ്ട്രീയം പാടില്ലെന്നും ആഭ്യന്തരമന്ത്രി പറയുകയുണ്ടായി. കൂടാതെ സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്‌തിക്ക് കാരണമെന്നും അമിത് ഷാ പറയുകയുണ്ടായി. ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ലെന്ന ചോദ്യമാണ് അദ്ദേഹം പ്രധാനമായും ഉന്നയിച്ചത്. ജൂലൈ 23ന് പുറമേ, 24നും 25 നും മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ വ്യക്തമാക്കി. എൻഡിആർഎഫ് സംഘങ്ങളുടെ വരവിനെ തുടർന്ന് കേരള സർക്കാർ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മരണങ്ങൾ കുറയ്ക്കാമായിരുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. ആളുകളെ കൃത്യ സമയത്ത് മാറ്റിയിരുന്നെങ്കിൽ എങ്ങനെയാണു ഈ മരണങ്ങൾ സംഭവിക്കുകയെന്നും അമിത് ഷാ ചോദിചു. അതേസമയം, കഴിഞ്ഞ ദിവസം വയനാട്ടിൽ എത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യൻ കേന്ദ്ര സർക്കാരിന്റെ എല്ലാവിധ സഹായ സഹകരണങ്ങളും കേരളത്തിന് വാഗ്‌ദാനം ചെയ്‌തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും സ്ഥിതി നിരന്തരം നിരീക്ഷിച്ചു വരുന്നതായും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യൻ വ്യക്തമാക്കിയിരുന്നു. ആവശ്യാനുസരണം അധിക വിഭവങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അയയ്ക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതലത്തില്‍ നിരീക്ഷിച്ചു വരികയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ രണ്ട് കണ്‍ട്രോള്‍ റൂമുകളും നിലവിലെ സാഹചര്യം നിരീക്ഷിക്കുകയും സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ മാനസികാഘാതത്തിലാണ് മുണ്ടക്കൈ – ചൂരൽമല നിവാസികൾ. വ്യക്തികൾ, സംഘടകൾ. മേപ്പാടിയിൽ എല്ലാവരും അവരുടെ ഉത്തരവാദിത്തം കൃത്യമായി ഏറ്റെടുക്കുന്ന കാഴ്ചയാണു കാണുന്നത്. അതിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ല. 9 മന്ത്രിമാരാണ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നത്. ബുധനാഴ്ച ഉച്ചവരെ മാത്രം നാലു യോഗങ്ങളാണു മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയത്. അനുഭവം നൽകുന്ന ഗുണപാഠമാണ് ദുരന്തമുഖത്ത് ഉദ്യോഗസ്ഥർക്കടക്കം സഹായകരമാകുന്നത്. മേപ്പാടി പഞ്ചായത്തിലെ ദുരന്തമുണ്ടായ മേഖലകളിലും അതിന് മുകളിലുള്ള വീടുകളിലും കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും കുറേപ്പേർ മുന്നറിയിപ്പു പാലിച്ചതുകൊണ്ടു ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടുവെന്നും ചിലരെല്ലാം അത് അവഗണിച്ചു. ചാലിയാർ കേന്ദ്രീകരിച്ചാണ് ഇനി തിരച്ചിൽ നടത്തേണ്ടതെന്നും നിരവധി മൃതദേഹങ്ങളാണു ചാലിയാറിലൂടെ ഒലിച്ച് പോയി നിലമ്പൂർ ഭാഗത്ത് എത്തിയതെന്നും നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉന്നതതല യോഗത്തിന് ശേഷമായിരിക്കും കൂടുതൽ കാര്യങ്ങളിൽ തീരുമാനമെടുക്കുകയെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.