അർജുനായുള്ള തെരച്ചിൽ തുടങ്ങി, അഞ്ചാം ദിവസവും പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്; മം​ഗളൂരുവിൽ നിന്ന് റഡാറെത്തി

ബം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുൾപ്പെടെ മണ്ണിനടിയിൽപ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് രാവിലെ 5.30ന് പുനഃരാരംഭിക്കുമെന്ന് അറിയിച്ചെങ്കിലും വൈകിയാണ് തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിക്ക് തെരച്ചിൽ നിർത്തിവയ്ക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിക്കുകയായിരുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മം​ഗളൂരുവിൽ നിന്ന് റഡാറെത്തിച്ചിട്ടുണ്ട്.

മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും. സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക. ദൗത്യം ദുഷ്കരമാണെന്നും ലോറിക്ക് അടുത്തെത്താൻ 100 മീറ്റർ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തിൽ നിന്ന് പോയ എംവിഐ ചന്ദ്രകുമാർ അറിയിച്ചു. ആറ് മീറ്റർ മണ്ണ് ലോറിക്ക് മുകളിലുണ്ട്.

വെള്ളിയാഴ്ച രാത്രി രക്ഷാപ്രവ‍ർത്തനം നടത്താൻ വലിയ ലൈറ്റുകൾ അടക്കം കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചും തെരച്ചിൽ അൽപസമയം കൂടി തുടരുകയും ചെയ്തു. എന്നാൽ മേഖലയിൽ മഴ അതിശക്തമായ മഴ പെയ്തതോടെ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യത ഭയന്ന് തെരച്ചിൽ താത്കാലികമായി നിർത്തുകയായിരുന്നു.

ലോറിയുള്ള സ്ഥലം റഡാർ വഴി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. കോഴിക്കോട്ടെ വീട്ടിൽ അർജുന് വേണ്ടി കണ്ണീരോടെ, അതിലേറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബം. രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടണമെന്ന് അർജുൻറെ ഭാര്യാസഹോദരൻ ജിതിൻ ആവശ്യം ഉന്നയിച്ചിരുന്നു.